പ്രവാസി വ്യവസായി പദ്മശ്രീ സി കെ മേനോന്‍ അന്തരിച്ചു

Sebastain October 1, 2019

പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 70 വയസായിരുന്നു. ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.


പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്‌കരിക്കും
ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പ് , സുഡാന്‍ , അമേരിക്ക , ബ്രിട്ടന്‍ , എന്നിവിടങ്ങളിലും വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമയായിരുന്നു സി കെ മേനോന്‍. 2006ല്‍ പ്രവാസി ഭാരത് അവാര്‍ഡ്, 2009 പത്മശ്രീ പുരസ്‌കാരവും തേടിയെത്തി.

1949ല്‍ തൃശൂര്‍ പുളിയംകോട്ട് നാരായണന്‍ നായരുടെയും ചേരില്‍ കാര്‍ത്യായനി അമ്മയുടെയും മകനായാണ് ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി.കെ. മേനോന്‍ ജനിച്ചത്. പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്പായ ബെഹ്‌സാദ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ ആണ്. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. കേന്ദ്ര വ്യോമയാന മന്ത്രാലയ സുരക്ഷാ ഉപദേശകസമിതി അംഗമാണ്. 1978ല്‍ ഖത്തറില്‍ ഒരു പാകിസ്താനിയുടെ കമ്പനിയില്‍ സൂപ്പര്‍വൈസറായി പ്രവാസം തുടങ്ങിയ മേനോന്‍ ഇന്ന് ബെഹ്സാദ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ലോകമറിയുന്ന വ്യവസായ സാമ്രാജ്യത്തിന്റെ അമരക്കാരനാണ്. സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് 2009ല്‍ ഭാരതം മേനോന് പദ്മശ്രീ നല്‍കി ആദരിച്ചു. നിയമപഠനം കഴിഞ്ഞ് തൃശൂര്‍ ജില്ലാകോടതിയിലും ഹൈകോടതിയിലും അഭിഭാഷകനായി ജോലിചെയ്തശേഷമാണ് മേനോന്‍ ഖത്തറിലെത്തിയത്. ബെഹ്സാദ് ട്രാന്‍സ്പോര്‍ട്സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്നദ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ട്രേഡിങ് കമ്പനി, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഓറിയന്റല്‍ ബേക്കറി, ബെഹ്സാദ് ട്രേഡിങ് എന്റര്‍്രൈപസസ്, ബെഹ്സാദ് ഷിപ്പ് ചാന്റലര്‍സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്നഡ് എക്യുപ്മെന്റ് ആന്‍ഡ് ട്രേഡിങ്, ബെഹ്സാദ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, യു.കെ.യില്‍ ബെഹ്സാദ് ഫ്യൂവല്‍സ്, സുഡാനില്‍ സ്റ്റീല്‍ കമ്പനി, കേരളത്തില്‍ സൗപര്‍ണിക ഗ്രൂപ്പ്, ബെഹ്സാദ് ട്രാന്‍സ്പോര്‍ട്ട്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ തുടങ്ങി നിരവധി കമ്പനികള്‍ അദ്ദേഹത്തിന്റെതായുണ്ട്.


ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, വ്യവസായി പി.വി. സാമിയുടെ പേരിലുള്ള പി.വി.സാമി സ്മാരക പുരസ്‌കാരം തുടങ്ങി മേനോനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. ഭാര്യ: ജയശ്രീ കൃഷ്ണമേനോന്‍. അഞ്ജന ആനന്ദ്, ശ്രീരഞ്ജിനി റിതേഷ്, ജയകൃഷ്ണന്‍ മേനോന്‍ (ജെ.കെ. മേനോന്‍) എന്നിവര്‍ മക്കളാണ്.
സി കെ മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ വികസനത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം പ്രവാസികളുടെ ഏകോപനത്തിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാവുമെന്ന് ഉറച്ചു വിശ്വസിച്ച വ്യക്തിയാണ്. പ്രവാസി ക്ഷേമത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ ഓരോ പ്രശ്‌നങ്ങളിലും ശ്രദ്ധ പതിപ്പിച്ചു. സി.കെ. മേനോന്റെ അകാലത്തിലുള്ള പേര്‍പാട് വലിയ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും ദുഃഖം പങ്കു വെക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം വ്യവസായങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മനസ്സ് അര്‍പ്പിച്ച വ്യത്യസ്തനായ പ്രവാസി മലയാളി വ്യവസായി ആയിരുന്നു അഡ്വക്കേറ്റ് സി കെ മേനോന്‍ എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Read more about:
EDITORS PICK