നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വിട്ടയച്ച ശേഷം ജഡ്ജി ആത്മഹത്യക്ക് ശ്രമിച്ചു

arya antony October 6, 2019

ബാങ്കോക്ക്: നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വിട്ടയച്ച ശേഷം ജഡ്ജി ആത്മഹത്യക്ക് ശ്രമിച്ചു. ദക്ഷിണ തായ്‌ലന്റിലെ യാലാ കോടതിയിലാണ് സംഭവം. പ്രതികള്‍ നിരപരാധികളെന്ന് വിധിച്ച ശേഷമായിരുന്നു ജഡ്ജിയുടെ ആത്മഹത്യ ശ്രമം. നീതിന്യായ വ്യവസ്ഥ കൂടുതല്‍ സുതാര്യമാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മുന്‍ തായ് രാജാവിന്റെ മുന്നില്‍ നിയമ പ്രതിജ്ഞ ഉരുവിട്ട ശേഷമാണ് കോടതി മുറിയില്‍ വെച്ച്‌ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ച്‌ ജഡ്ജി കനകോണ്‍ പിയഞ്ചന ഫെയ്‌സ്ബുക്കില്‍ ലൈവിട്ടിരുന്നു. പണക്കാര്‍ക്കും ഉന്നതര്‍ക്കും അനുകൂലമായാണ് ഇവിടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരെ ചെറിയ പിഴവുകള്‍ക്ക് പോലും കനത്ത ശിക്ഷ നല്‍കുന്ന നീതി വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമില്ലെന്നും ജഡ്ജി ആരോപിച്ചു. ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ അതിന് വ്യക്തവും ശക്തവുമായ തെളിവുകള്‍ വേണമെന്നും ഉറപ്പില്ലെങ്കില്‍ അവരെ ശിക്ഷിക്കരുതെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യാശ്രമത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്ന് വ്യക്തമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജഡ്ജിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read more about:
RELATED POSTS
EDITORS PICK