ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ

Sebastain October 6, 2019

ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്‍റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണിത്. മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ കമ്യൂണിറ്റി ഡെവലപ്പ്‌മെന്‍റ് അതോറിറ്റി അധികൃതര്‍ അംഗീകരിച്ചു. ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.

യു എ ഇ യുടെ നിയമ പരിധിക്കകത്ത് നിന്ന് കൊണ്ട് തന്നെ അസോസിയേഷന് അംഗീകാരം നല്‍കും. കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്‍റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. അസോസിയേഷന്‍ രൂപീകരണത്തിനും ഇത് സംബന്ധിച്ച മറ്റു നടപടികള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നല്‍കിയായിരിക്കും അസോസിയേഷന്‍ രൂപീകരിക്കുക.
കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്‍റ് അതോറിറ്റി അധികൃതര്‍ക്ക് മുഖ്യമന്ത്രി കേരളത്തിന്‍റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, നോര്‍ക്ക റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എം എ യുസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Read more about:
EDITORS PICK