സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും കുതിപ്പ്: മുഖ്യമന്ത്രി

Sebastain October 13, 2019

സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും നിക്ഷേപത്തിലും സംസ്ഥാനം വന്‍കുതിപ്പ് നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം- 2019 റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു മുമ്പ് 17 ശതമാനമായിരുന്നു സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. ഈ വർഷം ഇതുവരെ കേരളം ആസ്ഥാനമായ സ്‌റ്റാർട്ടപ്പുകളില്‍ 311 കോടി രൂപയുടെ നിക്ഷേപം നടന്നു. 2200 സ്‌റ്റാർട്ടപ്പുകള്‍ സംസ്ഥാനത്ത് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള സ്റ്റാർട്ടപ് മിഷനു (കെഎസ്‌യുഎം) വേണ്ടി ടൈ കേരളയും ഇൻക് 42ഉം ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സ്റ്റാര്‍ട്ട് അപ്പ് വികസനത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയതിന്‍റെ ഫലമാണ് ഈ വളര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്‌റ്റാർട്ടപ് സമുച്ചയം കൊച്ചിയില്‍ ആരംഭിച്ചത് വളര്‍ച്ചയ്ക്ക് സഹായിച്ചു. സംസ്ഥാനത്തെ പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വിദേശത്ത് അടക്കംവലിയ സ്വീകാര്യത ലഭിച്ചു. ട്വിറ്റര്‍ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്സ്റ്റോണ്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒപ്പോ, ഫ്യൂച്വർ ഗ്രൂപ്പ്, ഓർബിറ്റൽ എന്നീ ആഗോളസ്ഥാപനങ്ങളും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൻ സംരംഭവുമായി മുന്നോട്ടുവരുന്നവർക്ക്‌ എല്ലാ പിന്തുണയും പ്രോത്സാഹവവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: ,
Read more about:
RELATED POSTS
EDITORS PICK