അളവ് കുറച്ചുളള മദ്യപാനം; കാത്തിരിക്കുന്നത് മസ്തിഷ്‌കാഘാതം

Sebastain October 19, 2019

ദിവസവും ഒരു പെഗ്ഗ് അല്ലെങ്കില്‍ രണ്ട് പെഗ്ഗ് മാത്രം മദ്യമേ കഴിക്കുന്നുളളൂ. സ്ഥിരം മദ്യപാനികളുടെ പതിവ് പല്ലവിയാണ്. മദ്യത്തിനടിമയല്ലെന്നും നിയന്ത്രിത മദ്യപാനിയാണെന്നുമാണ് ഇവരുടെ അവകാശവാദം. എന്നാല്‍ മദ്യപാനം കുറഞ്ഞ അളവിലായാലും ഹൃദയത്തിന് ദോഷകരമാകുമെന്ന് പുതിയ പഠനം.
ഹൃദയ സ്പന്ദന വ്യതിയാനത്തിന് കാരണമാകുന്ന ആട്രിയല്‍ ഫൈബ്രലേഷന്‍ എന്ന അസുഖമാണ് പതിവായി കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരെ കാത്തിരിക്കുന്നത്. ആട്രിയല്‍ ഫൈബ്രലേഷന്‍ മസ്തിഷ്‌ക്കാഘാത സാധ്യത അഞ്ചിരട്ടിയാക്കുമെന്ന് പഠനത്തില്‍ പറയുന്നു. കൊറിയ സര്‍വകലശാല മെഡിക്കല്‍ കോളേജിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. അമിതമായ ഹൃദയമിടിപ്പ്, കിതപ്പ്, ക്രമമല്ലാത്ത ഹൃദയ സ്പന്ദനം, ശ്വാസതടസം, ക്ഷീണം, നെഞ്ച് വേദന, തളര്‍ച്ച എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍.

ഒരു പെഗ് മദ്യം കഴിക്കുമ്പോള്‍ തന്നെ ആട്രിയല്‍ ഫൈബ്രലേഷന്‍ ഉണ്ടാകാനുള്ള സാധ്യത എട്ട് ശതമാനം വര്‍ധിക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. കൊറിയയിലെ 2009-ലെ ദേശീയ ഹെല്‍ത്ത് ചെക്കപ്പ് വിശദാംശങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഏകദേശം 90 ലക്ഷം പേരുടെ ഹെല്‍ത്ത് ചെക്കപ്പ് റിപ്പോര്‍ട്ടാണ് പഠനവിധേയമാക്കിയത്. അതേസമയം കുടിക്കുന്ന മദ്യത്തിന്റെ അളവാണോ, എത്ര തവണ മദ്യപിക്കുന്നതാണ് ശരിക്കും വില്ലനാകുന്നതെന്ന് വിശദമാക്കാന്‍ ഈ പഠനത്തിന് സാധിച്ചില്ല.

Read more about:
EDITORS PICK