പാക്കറ്റ് പാല്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥം

Sruthi October 19, 2019

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസപദാര്‍ത്ഥം ഉണ്ടെന്ന് കണ്ടെത്തല്‍. ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥമായ അഫ്‌ലക്ടോക്‌സിന്‍ എം വണ്‍ കണ്ടെത്തി. കേരളത്തിനു പുറമേ തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പാലില്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

രാജ്യത്ത് എല്ലായിടത്തുനിന്നും സാംപിളുകള്‍ ശേഖരിച്ചാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നാഷനല്‍ മില്‍ക്ക് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സര്‍വേ നടത്തിയത്. ഇതില്‍ കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ആറു ശതമാനം സാംപിളുകളില്‍ അഫ്‌ലക്ടോക്‌സിന്‍ എം വണിന്റെ അംശം കണ്ടെത്തി. കാലിത്തീറ്റ വഴിയാണ് ഇത് പാലില്‍ എത്തുന്നത് എന്നാണ് നിഗമനം. കാലിത്തീറ്റയില്‍ അഫ്‌ലക്ടോക്‌സിന്റെ അളവു നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്തു സംവിധാനമില്ല. സംസ്‌കരിച്ച് എത്തുന്ന പാലിലാണ് രാസപദാര്‍ഥത്തിന്റെ അളവ് കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്.

രാജ്യവ്യാപകമായി 6432 സാംപുകളില്‍ പരിശോധിച്ചതില്‍ 93 ശതമാനവും സുരക്ഷിതമാണെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. 41 ശതമാനവും ചില മാനദണ്ഡങ്ങള്‍ വച്ച് മനുഷ്യ ഉപയോഗത്തിനു പാകമല്ലെന്നും ഇവ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാവില്ലെന്നാണ് സര്‍വേയുടെ നിഗമനം.പാലില്‍ കൊഴുപ്പിന്റെയും സോളിഡ് നോണ്‍ ഫാറ്റിന്റെയും അളവു വേണ്ടത്രയില്ലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇതു പരിഹരിക്കാന്‍ ഫാമുകളില്‍ കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ കാലികളെ വളര്‍ത്തേണ്ടതുണ്ട്. പാലില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണതയും വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മായം ചേര്‍ത്തതായി കണ്ടെത്തിയ സാംപിളുകളില്‍ 12 എണ്ണം മനുഷ്യ ഉപയോഗത്തിനു ഹാനികരമായതാണെന്ന് കണ്ടെത്തി. ഇതില്‍ ആറെണ്ണത്തില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡും മൂന്നില്‍ ഡിറ്റര്‍ജന്റുകളും രണ്ടെണ്ണത്തില്‍ യൂറിയയും ഒന്നില്‍ ന്യൂട്രലൈസറും ചേര്‍ത്തിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇത്തരത്തില്‍ കണ്ടെത്തിയ സാംപിളുകളില്‍ ഒന്നു മാത്രമാണ് കേരളത്തില്‍നിന്നുള്ളത്.ബോറിക് ആസിഡ്, നൈട്രേറ്റ് എന്നിവയാണ് പാലില്‍ മായം ചേര്‍ക്കാന്‍ സാധ്യതയുള്ള മറ്റു രണ്ടു ഘടകങ്ങള്‍.

Tags: ,
Read more about:
RELATED POSTS
EDITORS PICK