ഞാന്‍ ആത്മാഭിമാനമുള്ള സ്വതന്ത്രയായി ചിന്തിക്കുന്ന സ്ത്രീയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തോട് പൊട്ടിത്തെറിച്ച് അനുഷ്‌ക ശര്‍മ

Sruthi November 1, 2019

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഫാറൂഖ് എന്‍ജിനീയറിനെതിരെ പ്രതികരിച്ച് നടി അനുഷ്‌ക ശര്‍മ. ലോകകപ്പിനിടെ കമ്മിറ്റി അംഗങ്ങളിലൊരാള്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നതു കണ്ടുവെന്ന ഫാറൂഖിന്റെ പരമാര്‍ശത്തോടാണ് അനുഷ്‌ക വിമര്‍ശിച്ചത്.

ഞാന്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ ഭാര്യയാണ്. ശരിതന്നെ പക്ഷേ, അതിനപ്പുറം ആത്മാഭിമാനമുള്ള, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു സ്ത്രീ കൂടിയാണെന്ന് അനുഷ്‌ക പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നീണ്ട കത്തിലൂടെ കടുത്ത ഭാഷയിലാണ് അനുഷ്‌ക ഇതിനോടു പ്രതികരിച്ചത്. ഇതിനു പിന്നാലെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദും പ്രതികരണവുമായി രംഗത്തെത്തി. 82 വയസ്സായവര്‍ അതിന്റെ പക്വത കാണിക്കണമെന്നായിരുന്നു പ്രസാദിന്റെ മറുപടി.

അനുഷ്‌ക പറഞ്ഞതിങ്ങനെ…
അനാവശ്യ വിമര്‍ശനങ്ങളോടും പടച്ചുവിടുന്ന വാര്‍ത്തകളോടും പ്രതികരിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല രീതി അതുതന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തെ കരിയര്‍ ഞാന്‍ രൂപപ്പെടുത്തിയെടുത്തതും അങ്ങനെ തന്നെയാണ്. നിശബ്ദത പാലിക്കുമ്പോഴും അതിനു പിന്നില്‍ സത്യവും അന്തസ്സും ഞാന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ട്.

എങ്കിലും അവര്‍ ഒരേ കള്ളം പലകുറി ആവര്‍ത്തിക്കുമ്പോള്‍ അതു സത്യമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്റെ ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതും അതുതന്നെയാണ്. എന്റെ നിശബ്ദത മൂലം ഈ കള്ളങ്ങളെല്ലാം വ്യാപകമായി പ്രചരിക്കുന്നു. ആ പതിവിന് ഇന്ന് വിരാമമിടുകയാണ്. നേരത്തെ എന്റെ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി ഫോം ഔട്ടാകുമ്പോഴെല്ലാം എനിക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരാറുണ്ട്. അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചിട്ടുമില്ല. ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത എത്രയോ കാരണങ്ങളുടെ പേരിലാണ് ഞാന്‍ പഴി കേള്‍ക്കേണ്ടി വന്നത്. എന്നിട്ടും ഞാന്‍ മൗനം പാലിച്ചു. അതിനിര്‍ണായകമായ ടീം മീറ്റിങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടെന്നും ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ടെന്നും പലപ്പോഴും വാര്‍ത്തകള്‍ പടച്ചുവിട്ടു. എന്നിട്ടും ഞാന്‍ മൗനം വെടിഞ്ഞില്ല.

ഇന്ത്യന്‍ ടീമിനുള്ളില്‍ എനിക്കു ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചും ചട്ടങ്ങള്‍ ലംഘിച്ച് വിദേശപര്യടനങ്ങളില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനെക്കുറിച്ചും അപവാദങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. ഇതിലൊന്നും യാതൊരു വാസ്തവവുമില്ലെന്നും ചട്ടങ്ങള്‍ക്കനുസൃതം മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ബിസിസിഐയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക് അറിയാം. എന്നിട്ടും ഞാന്‍ മൗനം പാലിച്ചു. എന്റെ സുരക്ഷയ്ക്കായും എനിക്ക് ടിക്കറ്റ് സംഘടിപ്പിക്കാനും ബിസിസിഐ വളരെയധികം ബുദ്ധിമുട്ടുന്നുവെന്ന തരത്തിലും പ്രചാരണമുണ്ടായി. സത്യത്തില്‍ വിമാന ടിക്കറ്റായാലും മത്സരങ്ങള്‍ക്കുള്ള ടിക്കറ്റായാലും ഞാന്‍ സ്വന്തം നിലയ്ക്ക് പണം മുടക്കി വാങ്ങാറാണ് പതിവ്. എന്നിട്ടും അപവാദ പ്രചരങ്ങളോട് ഞാന്‍ പ്രതികരിച്ചില്ല. ഹൈക്കമ്മിഷനില്‍ ഇന്ത്യന്‍ ടീമിനായി നടത്തിയ വിരുന്നിനൊടുവില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോള്‍ എന്നോടും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഹൈക്കമ്മിഷണറുടെ ഭാര്യയാണ്. ഞാന്‍ മടിച്ചിട്ടും അവര്‍ എന്നെ നിര്‍ബന്ധിച്ച് ഫോട്ടോയ്ക്കു നിര്‍ത്തി. അതിന്റെ പേരിലും കൊടിയ വിമര്‍ശനങ്ങളും വലിയ വിവാദങ്ങളുമുണ്ടായി. ബിസിസിഐ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയെങ്കിലും ഞാന്‍ മൗനം വെടിഞ്ഞില്ല.

ഇതിനെല്ലാം പിന്നാലെയിതാ പുതിയൊരു കള്ളം പടച്ചുവിട്ടിരിക്കുന്നു. ലോകകപ്പിന്റെ സമയത്ത് സിലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എനിക്കു ചായ കൊണ്ടുവന്നു തന്നു എന്നാണ് ആരോപണം. ലോകകപ്പിനിടെ ഒരു മത്സരത്തിന്റെ സമയത്ത് ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള ബോക്‌സിലിരുന്നാണ് കളി കണ്ടത്. സിലക്ടര്‍മാരുടെ ബോക്‌സിലിരുന്നല്ല. എന്നിട്ടും അവരുടെ സൗകര്യത്തിന് അതു വളച്ചൊടിച്ച് കള്ളം പറഞ്ഞുണ്ടാക്കി. സിലക്ഷന്‍ കമ്മിറ്റിയേക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കിലോ അവരുടെ യോഗ്യതയെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിലോ ആയിക്കോളൂ. എങ്കിലും നിങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കാനോ അതു നാലു പേര്‍ അറിയാനോ എന്റെ പേര് അതിലേക്കു വെറുതെ വലിച്ചിഴയ്ക്കരുത്. ഇത്തരം ചര്‍ച്ചകളില്‍ എന്റെ പേരു വലിച്ചിഴയ്ക്കുന്നത് താല്‍പര്യമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു.

ഇത്തവണ എന്നെക്കുറിച്ച് പടച്ചുവിട്ട അപവാദം വളരെയധികം വേദനിപ്പിച്ചു. അതുകൊണ്ടാണ് ആദ്യമായി നിശബ്ദത വെടിയാന്‍ ഞാന്‍ തീരുമാനിച്ചത്. എന്നോടുള്ള അവരുടെ പെരുമാറ്റം വളരെ ക്രൂരവും ഭീകരവും തീര്‍ത്തും അധപതിച്ചതും വിദ്വേഷജനകവുമാണ്. അതുകൊണ്ടുതന്നെ ഈ ‘വാര്‍ത്ത’യോടുള്ള എന്റെ വെറും പ്രതികരണമായി മാത്രം ഈ കത്തിനെ കാണരുത്. ഈ നിശബ്ദതയെ എന്റെ ദൗര്‍ബല്യമായി കാണരുതെന്ന മുന്നറിയിപ്പെന്ന നിലയിലാണ് ഇക്കുറി മൗനം വെടിയാന്‍ ഞാന്‍ തീരുമാനിച്ചത്.മറ്റൊരാളുടെ ചിന്താരീതിക്കും വിശ്വാസങ്ങള്‍ക്കും നിഗൂഢ താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് തോന്നുംവിധം എടുത്തുപയോഗിക്കാവുന്ന ആളല്ല ഞാന്‍. ഇനിയങ്ങോട്ട് നിങ്ങള്‍ക്ക് ആരെയെങ്കിലും അതു ബിസിസിഐ ആയാലും എന്റെ ഭര്‍ത്താവായാലും വിമര്‍ശിക്കണമെങ്കില്‍ വസ്തുതകള്‍ നിരത്തി അതു ചെയ്യുക. എന്നെ വിട്ടേക്കുക. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ എന്റെ കരിയറും ജീവിതവും രൂപപ്പെടുത്തിയെടുത്തത്. അത് ഒന്നിന്റെയും പേരില്‍ ബലികഴിക്കാന്‍ ഞാന്‍ തയാറല്ല. നിങ്ങളില്‍ ചിലര്‍ക്ക് ഇതൊന്നും അത്ര വിശ്വാസം വരുന്നില്ലായിരിക്കാം. ഒന്നോര്‍ക്കുക. ഞാനും വളരെയധികം ആത്മാഭിമാനമുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്‌തെന്നേയുള്ളൂ.

Read more about:
RELATED POSTS
EDITORS PICK