ഇലക്‌ട്രിക് ഓട്ടോ കേരളത്തിലെ നിരത്തുകളില്‍

Pavithra Janardhanan November 4, 2019

‘കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ നീംജി ഇന്ന് കേരളത്തിലെ നിരത്തുകളിറങ്ങി. ഉദ്‌ഘാടനം തിരുവനന്തപുരത്ത് നടന്നു. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത് . സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍,ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ എം എല്‍ എ ഹോസ്റ്റലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഉറപ്പ് നല്‍കിയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള  സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍.) നെയ്യാറ്റിന്‍കരയിലെ പ്ലാന്റിൽ ഇലക്‌ട്രിക് ഓട്ടോ’ (ഇ-ഓട്ടോ) യുടെ നിർമ്മാണം പൂര്‍ത്തിയാക്കിയത്.

2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത് 10 ഓളം ‘ഇലക്‌ട്രിക് ഓട്ടോ’കളാണ്. ഓട്ടോയുടെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണ്. കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്.

മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരണ വുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.

Read more about:
RELATED POSTS
EDITORS PICK