പട്ടാപകല്‍ കാടിറങ്ങി കാട്ടാനക്കൂട്ടം, ഭീതിയില്‍ നാട്ടുകാര്‍

സ്വന്തം ലേഖകന്‍ November 4, 2019

കോട്ടയം കോരുത്തോട്ടില്‍ പട്ടാപകല്‍ കാടിറങ്ങി കാട്ടാനക്കൂട്ടം. കൂട്ടമായി കാട്ടാനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ഒരു മാസത്തിനുള്ളില്‍ എട്ടുതവണയിറങ്ങിയ കാട്ടാനക്കൂട്ടം ഈ മേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഞായറാഴ്ച കാട്ടാനക്കൂട്ടങ്ങള്‍ കാടിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

കോരുത്തോട് കണ്ടങ്കയം ഭാഗത്തെ കാട്ടില്‍നിന്നാണ് കൊമ്പനും പിടിയും ഉള്‍പ്പെട്ട 14 കാട്ടാനകള്‍ അഴുതയാര്‍ നീന്തി നാട്ടിലേക്ക് വന്നത്. കാട്ടാനകള്‍ നീന്തിവരുന്നതുകണ്ട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് ശബ്ദമുണ്ടാക്കുകയും പാട്ടകൊട്ടുകയും ചെയ്തതോടെ ഇവ പിന്തിരിഞ്ഞുപോയി.

കോരുത്തോട് മേഖലകളിലെ വിവിധയിടങ്ങളില്‍ ഒരു മാസത്തിനിടെ എട്ടുതവണയാണ് രാത്രിയില്‍ കാട്ടാനകളെത്തിയത്. റബറും കപ്പയും വാഴയുമുള്‍പ്പെടെ വ്യാപകമായി കൃഷിയും നശിപ്പിച്ചിരുന്നു. പകല്‍ സമയത്ത് കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നത് ഈ മേഖലയിലെ ആദ്യ സംഭവമാണ്.

Read more about:
EDITORS PICK