നായകന്റ വെടിക്കെട്ട്; ബംഗ്ലാ കടുവകളെ ഞെട്ടിച്ച് ഇന്ത്യ

Sebastain November 7, 2019

രാജ്കോട്ട്: ദില്ലിയില്‍ കുതിപ്പ് നടത്തിയ ബംഗ്ലാദേശിനെ രാജ്‌കോട്ടില്‍ പിടിച്ചുകെട്ടി ഇന്ത്യ. ബംഗ്ലാദേശിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. 154 റണ്‍സ് വിജയലക്ഷ്യവുമായി കുതിച്ച ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. സ്‌കോര്‍: ബംഗ്ലാദേശ്-153/6 (20.0), ഇന്ത്യ-154/2 (15.4).


നായകന്‍ രോഹിത് ശര്‍മ്മയാണ് 100ാം രാജ്യാന്തര ട്വന്റി 20 മ്ത്സരത്തിന്റെ ജയം അനായാസമാക്കിയത്. വെടിക്കെ്ട്ട് ബാറ്റിംഗ് കാഴ്ചവച്ച രോഹിത് ശര്‍മ്മ 43 പന്തില്‍ 85 റണ്‍സെടുത്തു. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ പ്രകടനം.


മറുപടി ബാറ്റിംഗില്‍ ഒരു ദയയുമില്ലാതെയാണ് രോഹിത് ശര്‍മ്മ ബംഗ്ലാ ബൗളര്‍മാരെ നേരിട്ടത്. 23 പന്തില്‍ രോഹിത്തിന് അര്‍ധ സെഞ്ചുറി. 10-ാം ഓവറില്‍ മൊസദേക് ഹൊസൈന്റെ ആദ്യ മൂന്ന് പന്തുകളും സിക്സ്. ഇതോട 10 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡില്‍ 113/0. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശിഖര്‍ ധവാനെ 11-ാം ഓവറില്‍ അമിനുല്‍ ബൗള്‍ഡാക്കിയതാണ് ബംഗ്ലാദേശിന് ആശ്വസിക്കാനുണ്ടായിരുന്നത്. 27 പന്തില്‍ 31 റണ്‍സ് ധവാന്‍ നേടി. അധികം വിക്കറ്റുകള്‍ വലിച്ചെറിയാതെ ശ്രേയസ് അയ്യരും(12 പന്തില്‍ 23) കെ എല്‍ രാഹുലും(11 പന്തില്‍ 8) 15.4 ഓവറില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. ബൗളര്‍മാരില്‍ യുസ്വേന്ദ്ര ചാഹലിന്റെ പ്രകടനവും നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശിനെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ ബൗളിംഗാണ് കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പിഴവുകള്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചതില്‍ നിര്‍ണായകമായി. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മുഹമ്മദ് നൈമും മികച്ച തുടക്കം ബംഗ്ലാദേശിന് നല്‍കി.


മുഹമ്മദ് നൈമിനെ(36) വാഷിംഗ്ടണ്‍ സുന്ദറും മുഷ്ഫീഖുര്‍ റഹീമിനെ(4) യുസ്വേന്ദ്ര ചാഹലും പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തി. ഇതേ ഓവറില്‍ സൗമ്യ സര്‍ക്കാറിനെയും(30) ചാഹല്‍ മടക്കി. ആറ് റണ്‍സെടുത്ത ആഫിഫ് ഹൊസൈനെ 16.3 ഓവറില്‍ ഖലീല്‍ അഹമ്മദ് പുറത്താക്കി. എന്നാല്‍ മഹ്മുദുള്ളയുടെ ബാറ്റിംഗ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു. മഹ്മുദുള്ള 21 പന്തില്‍ 30 റണ്‍സെടുത്തു. മൊസദേക്കും(7) അമിനുലും(5) പുറത്താകാതെ നിന്നു. ചാഹല്‍ രണ്ടും വാഷിംഗ്ടണും ചഹാറും ഖലീലും ഓരോ വിക്കറ്റും വീഴ്ത്തി.

Tags: ,
Read more about:
EDITORS PICK