അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി നാളെ; രാജ്യത്ത് അതീവജാഗ്രതാ നിര്‍ദേശം

Sebastain November 8, 2019

ദില്ലി: അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. നാളെ അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് വിധിപ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.
1885ല്‍ നിയമപോരാട്ടം തുടങ്ങിയ കേസില്‍ 134 വര്‍ഷത്തെ വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് ചരിത്രവിധി നാളെയുണ്ടാകുന്നത്. 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് വിധി പറയുക. 40 ദിവസം ദൈനംദിന വാദം കേട്ട കേസ് കഴിഞ്ഞ ഒക്ടോബര്‍ 16നാണ് വിധി പറയാനായി മാറ്റിയത്.


2010 സെപ്റ്റംബര്‍ 30 നായിരുന്നു 2.77 ഏക്കര്‍ തര്‍ക്കഭൂമി രാം ലല്ല വിരാജ് മാന്‍, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്ക് തുല്യമായി വിഭജിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകള്‍ സുപ്രീകോടതി പരിഗണിച്ചു .ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെക്കൂടാതെ ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക
അയോധ്യ കേസില്‍ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുപിയിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിധി വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘർഷങ്ങളും തടയാൻ കർശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന സാഹചര്യങ്ങള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് നേരിട്ട് പരിശോധിച്ചിരുന്നു. യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ ജാഗ്രത നടപടികളും സ്വീകരിക്കാന്‍ യുപി സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.
കേരളത്തിലും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങീ ആളുകള്‍ തടിച്ചുകൂടുന്ന പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കും.


വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.
വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയർന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Read more about:
EDITORS PICK