യമുനാ നദിയില്‍ വിഷം നുരഞ്ഞു പൊങ്ങി, ഛാത് പൂജ ആഘോഷവേളയില്‍ ആയിരക്കണക്കിന് ഭക്തര്‍ നദിയില്‍ പൂജ നടത്തിയപ്പോള്‍

Sruthi November 8, 2019

യമുനാ നദിയില്‍ വിഷനുരകള്‍ പൊങ്ങിയ കാഴ്ച ഭയാനകം. ഫോട്ടോകള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഛാത് പൂജ ആഘോഷവേളയില്‍ ആയിരക്കണക്കിന് ഭക്തര്‍ ഒത്തുകൂടിയപ്പോള്‍ ഫോട്ടോ എടുക്കാനുള്ള തിരക്കുകളിലായിരുന്നു. യമുനാ നദി മേഘം പോലെ മൂടിയിരിക്കുന്ന കാഴ്ച.

ഐസ് പാളികളോ മഞ്ഞോ അല്ല, പതഞ്ഞു പൊങ്ങുന്ന വിഷ പതകളാണിത്. നമ്മുടെ നദി മലിനമാകുന്ന കാഴ്ച. സെല്‍ഫിക്ക് പോസ് ചെയ്തും ഫോട്ടോയെടുത്തും ഭക്തര്‍ മടങ്ങി. ഈ നദിയില്‍ ഇറങ്ങിയാണ് ഭക്തര്‍ ഛാത് പൂജ ദിനത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയത്. വായു മലിനീകരണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാന നഗരിയുടെ അവസ്ഥ ഭയാനകം.

വായു മലിനീകരണ സൂചികയില്‍ 250 കടന്നാല്‍ തന്നെ അപായ മുന്നറിയിപ്പാണ്. എന്നാല്‍, കഴിഞ്ഞദിവസം ഇത് 900 നു മുകളില്‍ എത്തി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ദിവസം മുഴുവന്‍ ദില്ലി പുകയില്‍ മുങ്ങിക്കിടന്നു. പലരും മാസ്‌കുകള്‍ ധരിച്ചാണു പുറത്തിറങ്ങിയത്. പലര്‍ക്കും കണ്ണെരിച്ചിലും ശ്വസിക്കുന്നതില്‍ വൈഷമ്യവും അനുഭവപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് മലിനീകരണ തോത് അപകടകരമാം വിധം തുടരുകയാണ്. പുകമഞ്ഞ് കൂടിയതോടെ റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിരുന്നു. പുകമഞ്ഞ് മൂടിയത് കാഴ്ചാ ദൂരപരിധിയേയും കുറച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read more about:
EDITORS PICK