അവന്‍ നിങ്ങള്‍ക്കൊരു മെഷീന്‍ മാത്രമായിരിക്കും, എനിക്കവന്‍ മകനാണ്: അച്ഛന്‍ വേഷത്തില്‍ നിറഞ്ഞാടി സുരാജ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ നിരൂപണം

സ്വന്തം ലേഖകന്‍ November 11, 2019

വീണ്ടും ആരാധകരുടെ മനസ്സ് നിറച്ച് സുരാജ് വെഞ്ഞാറന്‍മൂടും സൗബിന്‍ സാഹിറും. വികൃതിക്കുശേഷം ഇരുവരുടെയും ഇന്റലിജന്റ് സിനിമ എന്നുതന്നെ പറയാം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25നെക്കുറിച്ച്. മലയാളികളെ ചെറിയ ഭാവങ്ങളില്‍ പോലും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനനയിച്ചും സുരാജും സൗബിനും സ്‌ക്രീനില്‍ നിറഞ്ഞാടി. അവന്‍ നിങ്ങള്‍ക്കൊരു മെഷീന്‍ മാത്രമായിരിക്കും, എനിക്കവന്‍ മകനാണ്..ആ ഒറ്റൊരു രംഗം മാത്രം മതി സുരാജില്‍ നിന്നും. സീരിയസ്സ് കഥാപാത്രങ്ങളെടുത്ത് മാന്ത്രികം തീര്‍ക്കുകയാണ് സുരാജ്. പ്രായമായ അച്ഛന്‍ വേഷം ഒരു പോറലുപോലും ഏല്‍പ്പിക്കാതെ സുരാജ് മുഴുമിപ്പിച്ചു.

ഈ കുഞ്ഞപ്പന്‍ ക്യൂട്ടാണ്, ഒരു കുട്ടിയെ പോലെ നിഷ്‌കളങ്കന്‍. ഭാസ്‌കര പൊതുവാളിന്റെ ജീവിതം മാറ്റിമറിക്കുന്ന റോബോര്‍ട്ട്. പ്രായമായ അച്ഛനുവേണ്ടി അന്യനാടുകളിലെ ജോലികള്‍ ഉപേക്ഷിച്ച് എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന സുബ്രഹ്മണ്യന്‍ എന്ന സൗബിന്‍. കര്‍ക്കശ നിലപാടുള്ള അച്ഛനെ ഒടുവില്‍ ഇമോഷ്ണലി കൈയ്യിലെടുത്ത് സുബ്രഹ്മണ്യന്‍ ജപ്പാനിലേക്ക് യാത്രയാകുകയാണ്. ഇവിടെ നിന്നാണ് ഭാസ്‌കര പൊതുവാളിന്റെ ജീവിതം മാറിമറിയുന്നത്.

ഭാസ്‌കര പൊതുവാളിനെ നോക്കാന്‍ ആളെ നിര്‍ത്തിയെങ്കിലും രക്ഷയില്ല. ജോലിക്കാരികള്‍ മാറി മാറി വന്നു. ഒടുവില്‍ മകന് അച്ഛനെ നോക്കാന്‍ ജപ്പാനില്‍ നിന്ന് റോബോര്‍ട്ടിനെ ഇറക്കുകയാണ് മകന്‍. റോബോര്‍ട്ടുമായി ഒരുവിധത്തിലും സഹകരിക്കാന്‍ കഴിയാത്ത സുരാജിന്റെ നിലപാട് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നു. എന്നാല്‍ സിനിമ പകുതി ആകുമ്പോഴേക്കും റോബോര്‍ട്ട് ഭാസ്‌കര പോതുവാളിന്റെ എല്ലാം എല്ലാമായ മകനായി മാറുന്നു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരിനു പിന്നിലും കഥയുണ്ട്. പിന്നീട് മനുഷ്യനെപോലെ റോബോര്‍ട്ടിനെ വേഷം കെട്ടിക്കാനും കൂടെ കൊണ്ടുനടക്കാനും എന്തിന് ജാതകം വരെ എഴുതിക്കാനും ഭാസ്‌കര പൊതുവാള്‍ രംഗത്തെത്തുന്നു. മനുഷ്യനെക്കാള്‍ റോബര്‍ട്ടുമായുള്ള അടുപ്പം പിന്നീട് അറുത്തുമാറ്റാന്‍ പറ്റാത്ത വിധത്തില്‍ ബലപ്പെടുകയാണ്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ സുരാജ് ഭാവപ്രകടനങ്ങളാല്‍ മലയാളിയെ കരയിക്കുന്നു.

ഞാന്‍ ഒന്നു വീണുകഴിഞ്ഞാല്‍ മലം കോരാന്‍ നീ വരുമോ എന്ന് ചോദിക്കുന്ന അച്ഛന്‍. എന്നാല്‍ കുഞ്ഞപ്പന്‍ അത് ചെയ്യും. അവന്‍ നിങ്ങള്‍ക്കൊക്കെ വെറും ഒരു മെഷീന്‍ ആയിരിക്കും, എനിക്കവന്‍ എന്റെ മകനാണ്… സൂരാജ് ഒരു രക്ഷയുമില്ല….

ഒട്ടും മടുപ്പിക്കാതെ രണ്ടരമണിക്കൂര്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ പുതിയ ദൃശ്യവിരുന്ന് നല്‍കി കടന്നുപോകുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു എന്നുതന്നെ പറയാം. പ്രസന്നന്‍ എന്ന കഥാപാത്രമായി സൈജു കുറുപ്പും, രാജേഷ് മാധവനും കഥയിലുടനീളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ജപ്പാന്‍കാരിയാണ് ചിത്രത്തിലെ നായിക. മാല പാര്‍വ്വതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about:
RELATED POSTS
EDITORS PICK