പാലക്കാടിന് കിരീടം; കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാര്‍

Sebastain November 19, 2019

കണ്ണൂര്‍: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാടിന്‍റെ കിരീട നേട്ടം. 201.33 പോയിന്‍റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍, എറണാകുളം 157.33 പോയിന്‍റ് നേടി രണ്ടാം സ്ഥാനം നേടി. മേളയുടെ ഓരോ ദിനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എറണാകുളവും പാലക്കാടും കാ‍ഴ്ചവച്ചത്. അവസാനം എറണാകുളത്തിന്‍റെ കയ്യില്‍ നിന്നും പാലക്കാട് കിരീടം തിരിച്ചുപിടിച്ചു. 123. 33 പോയിന്‍റുമായി കോ‍ഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.


സ്കൂളുകൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ കല്ലടി സ്‌കൂളിനെ പിന്തള്ളി കോതമംഗലം മാർ ബേസിൽ ചാംപ്യന്മാരായി. 62.33 പോയിന്‍റാണ് മാര്‍ ബേസില്‍ നേടിയെടുത്തത്. മാര്‍ ബേസിലിനോട് അവസാനം വരെ പൊരുതിയ കല്ലടി സ്കൂള്‍ 58.33 പോയിന്‍റ് നേടി. ഉഷ സ്കൂളിന്‍റെ കരുത്തില്‍ കോ‍ഴിക്കോട്ട് നിന്നുളള സെന്‍റ് ജോസഫ് എച്ച് എസ്എസ് പുല്ലൂരാംപാറയ്ക്കാണ് മൂന്നാം സ്ഥാനം (32.33).


ട്രിപ്പിൾ റെക്കോഡ് എന്ന അപൂർവ നേട്ടം കൈവരിച്ച നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആൻസി സോജനാണ് 63 മത് മേളയിലെ മിന്നും താരം. ഈ മീറ്റോടെ വിട പറയുന്ന ആന്‍സി സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജമ്പ് എന്നിവയിലാണ് സ്വര്‍ണം നേടിയത്. മൂന്നിനങ്ങളിലും മീറ്റ് റോക്കോര്‍ഡും സ്വന്തമാക്കി. ആന്‍സി സോജനെ കൂടാതെ, വാങ്മയി മുഖ്റമും ശാരികയും മാറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടി. ആദ്യാവസാനം ആവേശ പോരാട്ടങ്ങൾ കണ്ട മേളയിൽ 18 മീറ്റ് റെക്കോർഡുകളും പിറന്നു.


കല്ലടി സ്‌കൂളിന്‍റെയും ബി ഇ എം സ്‌കൂളിന്‍റെയും ചിറകിലേറിയാണ് കൗമാര കായിക കിരീടം പാലക്കാട് സ്വന്തമാക്കിയത്. ആദ്യ രണ്ട്‌ ദിവസങ്ങളിൽ പോയിന്‍റ് നില മാറി മറിഞ്ഞു. മൂന്നാം ദിവസം വ്യക്തമായ ആധിപത്യം ഉറപ്പിച്ച പാലക്കാടിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കിരീടവുമായി പാലക്കാട് കണ്ണൂരിൽ നിന്നും മടങ്ങിയത്.

Read more about:
EDITORS PICK