ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുമ്പോള്‍ ആഫ്രിക്കയിലേക്ക് പോകും: രഞ്ജിനി ഹരിദാസ് പറയുന്നു

സ്വന്തം ലേഖകന്‍ November 20, 2019

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന രഞ്ജിനി ഹരിദാസ് തന്റെ യാത്രകളെക്കുറിച്ച് പറയുകയാണ്. ലോകത്തെ പല ഭാഗങ്ങളിലും രഞ്ജിനി എത്തിയിട്ടുണ്ട്. ജോലിയുടെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല. മനസ്സ് ആഗ്രഹിക്കുന്നിടത്തെല്ലാം യാത്ര പോകണമെന്നാണ് രഞ്ജിനി പറയുന്നത്. സാഹസിക യാത്രകളാണ് ഏറ്റവും ഇഷ്ടം. അവിടുത്തെ സ്ഥലങ്ങള്‍, സംസ്‌കാരം, ആളുകള്‍, രീതികള്‍ എല്ലാം കൃത്യമായി പഠിച്ചതിനുശേഷമേ രഞ്ജിനി യാത്രയെക്കുറിച്ച് ചിന്തിക്കാറുള്ളൂ.

യാത്രയെക്കുറിച്ച് കൃത്യമായ പ്ലാനിങ് താരത്തിനുണ്ട്. യാത്രകള്‍ കൂടുതല്‍ ആസ്വാദ്യമാകുന്നത് വ്യത്യസ്തമായി പ്ലാന്‍ ചെയ്യുമ്പോഴാണെന്ന് രഞ്ജിനി പറയുന്നു. വെള്ളത്തില്‍ ഇറങ്ങിയുള്ള കളികള്‍ ഏറെ ഇഷ്ടമാണ്. ഇഷ്ട സ്ഥലവും ബീച്ചാണ്. ഇന്ത്യന്‍ ഭക്ഷണം വേണമെന്ന് നിര്‍ബന്ധമില്ല. ഒരു സ്ഥലത്ത് പോയാല്‍ അവിടുത്തെ ഭക്ഷണം കഴിക്കും. അവിടെയുള്ള ഒരാളാകാനാണ് ശ്രമിക്കാറുള്ളത്.

ബീച്ചിലേക്ക് ഏത് തിരക്കിനിടയിലും പോകാന്‍ ഇഷ്ടമാണ്. ഗോവ തന്റെ പ്രിയ സ്ഥലമാണെന്നും രഞ്ജിനി പറയുന്നു.ആന്‍ഡമാന്‍ യാത്രയും തനിക്ക് ഇഷ്ടമാണ്. ദ്വീപുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ട് ആന്‍ഡമാന്‍ യാത്ര ഇഷ്ടമാണ്. ഷോകള്‍ക്കായി വിദേശ യാത്ര പോകുമ്പോള്‍ കാഴ്ചകള്‍ ആസ്വദിക്കാനായി കുറച്ച് ദിവസം മാറ്റിവയ്ക്കും. വിദേശരാജ്യങ്ങളില്‍ വലിയ ഇഷ്ടം തോന്നാത്തത് അമേരിക്കയാണ്. ആഫ്രിക്കയാണ് പോകാന്‍ ഏറ്റവും ഇഷ്ടമുള്ള രാജ്യം.

ആ നാട്ടിലെ ആളുകള്‍ നിഷ്‌കളങ്കരാണ്. അവരുടെ സംസ്‌കാരവും ബഹുമാനവും ഏറെ കൗതുകമുണ്ടാക്കി. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്നു തോന്നുന്ന കാലത്ത് ഇവിടേക്ക് പോകാനാണ് ആഗ്രഹമെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. അവസാനമായി പോയത് ഇന്തോനീഷ്യയിലാണ്. ബാലിയിലെ കാഴ്ചകള്‍ മനോഹരമായിരുന്നു. ഒന്‍പത് ദിവസം അവിടെ ചെലവഴിച്ചു.

Read more about:
EDITORS PICK