ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി ധാരണ

Pavithra Janardhanan November 26, 2019

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതിയില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയും ധാരണാപത്രം ഒപ്പുവച്ചു.

സ്‌പോണ്‍സറുടേയോ മറ്റോ സഹായം ലഭിക്കാതെ വരുന്ന നിരാലംബര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നില്‍.വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേനെ മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org -ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.

Tags:
Read more about:
EDITORS PICK