ഇത്തവണയും ജയിക്കാനായില്ല; ഗോവയോട് ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്

Sebastain December 1, 2019

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്സി ഗോവയ്ക്കെതിരെ കേരളം സമനില വഴങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. സെര്‍ജിയോ സിഡോഞ്ഞ, റാഫേല്‍ മെസി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. മൗര്‍ട്ടാഡ ഫാള്‍, ലെന്നി റോഡ്രിഗസ് എന്നിവരുടെ വകയായിരുന്നു ഗോവന്‍ ഗോളുകള്‍.
മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് നേടിയത്. ബോക്സിന് പുറത്ത് നിന്നുള്ള സിഡോഞ്ഞയുടെ വോളി ഗോള്‍വര കടന്നു. പിന്നീട് മികച്ച ആക്രമണമാണ് ബ്ലാസ്റ്റേഴ്സ് അഴിച്ചുവിട്ടത്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍ ഒഗ്ബചെക്ക് ലീഡുയര്‍ത്താന്‍ ഒരു സുവര്‍ണാവസരം ലഭിച്ചു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫാളിലൂടെ എഫ്സി ഗോവ സമനില പിടിച്ചു. ജാക്കിചന്ദ് സിങാണ് ഗോളിന് വഴിയൊരുക്കിയത്. 59ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ഇടത് വിങ്ങില്‍ നിന്ന് പ്രശാന്ത് നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ മെസി കാല്‍വച്ച് ഗോളാക്കുകയായിരുന്നു. ഇതിനിടെ 52ാം മിനിറ്റില്‍ ഗോവന്‍ താരം ഫാള്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായി. പിന്നീടുള്ള സമയം ഗോവ പത്ത് പേരുമായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലാക്കാനായില്ല. ഇഞ്ചുറി സമയത്ത് ലെന്നി റോഡ്രിഗസ് ഗോള്‍ നേടിയതോടെ വിജയത്തിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് വീണ്ടും കാത്തിരിപ്പായി.
ആറ് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമുള്ള ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റുമായി എട്ടാമതാണ്.

Tags: ,
Read more about:
EDITORS PICK