കോട്ടയം; കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംബറിന്റെ ഒന്നാം സമ്മാനം അഞ്ച് കോടി രൂപ അടിച്ചത് കോട്ടയം സ്വദേശിയായ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക്. കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ കൊച്ചിവീട്ടില്‍ മെഡിക്കല്‍സ് ഉടമ എ പി തങ്കച്ചനാണ് അഞ്ച് കോടിയുടെ ഭാഗ്യം വന്ന് ചേര്‍ന്നത്. തങ്കച്ചനെടുത്ത ആര്‍ഐ 332952 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
സാധാരണ ലോട്ടറി എടുക്കാറുളള സ്വഭാവക്കാരനല്ല താനെന്ന് തങ്കച്ചന് പറഞ്ഞു. പളളിയില്‍ പോയി വരുന്ന വഴിയില്‍ ഏജന്റ് നിര്‍ബന്ധിച്ചപ്പോള്‍ രണ്ടെണ്ണം എടുത്തു. അതിലൊന്നിനാണ് സമ്മാനം ലഭിച്ചത്. ഞായറാഴ്ച പളളിയില്‍ പോയി മടങ്ങുമ്പോഴാണ് സമ്മാനം അടിച്ച വിവരം അറിയുന്നതെന്നും തങ്കച്ചന് പറഞ്ഞു.
അനിമോള്‍ ആണ് തങ്കച്ചന്റെ ഭാര്യ. മക്കള്‍ ടോണി, ടെസ. സമ്മാനത്തുകയില്‍ ഒരു ഭാഗം കുടമാളൂര്‍ പളളിക്കും ഒരു പങ്ക് മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്ന് വാങ്ങാനും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.