വ്യാജ സ്വർണ്ണം പണയം വച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തി: അഞ്ചുപേരെ പൊലീസ് പിടികൂടി

arya antony December 2, 2019

തിരുവനന്തപുരം: വ്യാജ സ്വർണ്ണം പണയം വച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് ഡിണ്ടികൽ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെൽവൻ, തമിഴ്നാട് ഡിണ്ടികൽ ബേഗംപൂർ സഹായമാത പുരം സ്വദേശി പ്രേംകുമാർ, വിളപ്പിൽശാല കാരോട് ഭരത് കുമാർ, കൊല്ലകോണം ഷാജിജേക്കബ്, പുളിയറക്കോണം ചന്തവിള വീട്ടിൽ രമേശ് കുമാർ, എന്നിവരാണ് പിടിയിലായത്. മലയിൻകീഴ് എസ്ബിഐ ബാങ്കിലും, പേയാട് എസ്ബിഐ ബാങ്കിലും, ഭരത്തിന്റെ നേതൃത്വത്തിൽ പണയം വച്ച സ്വർണ്ണ ഉരുപ്പടികൾ വ്യാജം എന്നു കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് മാനേജർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. രാമചന്ദ്രൻ എന്നയാളാണ് ഇവർക്ക് വ്യാജ സ്വർണ്ണ ഉരുപ്പടികൾ നിർമ്മിച്ചു നൽകുന്നതെന്നാണ് വിവരം. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കും.

തേനിയിൽ ഇവർക്കെതിരെ നിരവധി കേസുകൾ ഉണ്ട്. കേസിൽ ഉൾപ്പെട്ട പ്രേംകുമാർ സമാനമായ രീതിയിൽ പൂജപ്പുര കാനറാബാങ്ക്, എസ് ബി ഐ, യൂണിയൻ ബാങ്ക്, സെട്രൽ ബാങ്ക്, ഐ ഒ ബി, യൂക്കോ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവിടങ്ങളിലും, കരമന, ഓവർ ബ്രിഡ്ജ് എന്നിവിടങ്ങളിലെ സിൻഡിക്കേറ്റ് ബാങ്ക്, കഴക്കൂട്ടം സിൻഡിക്കേറ്റ് ബാങ്ക്, ആലുവ ഫ്രഡറൽ ബാങ്ക്, എന്നിവിടങ്ങളിൽ ഉൾപ്പടെ 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഭരത്തിന്റെ ഭാര്യയും ഈ കേസിൽ പ്രതിയാണ്. ഇവർക്കെല്ലാം സ്വർണ്ണം ലഭിച്ചത് ഭരത്തിന്റെ ബന്ധുവായ തമിഴ്നാട് സ്വദേശി സെൽവനിൽ നിന്നാണെന്ന ഭരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തേനിയിൽ എത്തി സെൽവനെയും ഡ്രൈവർ പ്രേം കുമാറിനെയും കസ്റ്റഡിയിൽ എടുത്തത്. സെൽവന്റെ ഭാര്യയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സമാന കേസിൽ തമിഴ്നാട് ജയിലിലാണ് ഇവര്‍. ഇവരെ പൊലീസ് അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങും. സ്വർണ്ണം പണയം വക്കാനായി തമിഴ്നാട്ടിൽ നിന്നും ഉമ, ശെൽവൻ, ഇവരുടെ ഡ്രൈവർ പ്രേംകുമാർ എന്നിവർ മലയിൻകീഴ് എത്തുകയും ഭരത്തിന്റെ നേതൃത്വത്തിൽ ബാങ്കിൽ പണയം വയ്ക്കുകയുമായിരുന്നു. പണയം വയ്ക്കുന്നതിന് ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം രൂപ വരെ ഇവർ കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു.

Read more about:
EDITORS PICK