ക്ലാസ് റൂമുകള്‍ കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുമ്പോള്‍, ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Sruthi December 10, 2019

കുട്ടികള്‍ക്ക് സ്‌കൂളും ക്ലാസ് മുറികളും സുരക്ഷിതമല്ലാതാകുന്നു. സ്‌കൂളുകളിലെ പാമ്പ് ശല്യങ്ങളും വൃത്തിഹീനമായ ചുറ്റുപാടും വാര്‍ത്തയായി. പാമ്പ് കടിയേറ്റ് കുട്ടി മരിച്ചതും കേരളത്തില്‍ തന്നെ. ഇതിനുപിന്നാലെയാണ് ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് പരിക്കേറ്റിരിക്കുന്നത്.

വടവാതൂര്‍ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. അഞ്ചാംക്ലാസ് മുറിയിലാണ് സംഭവം. വിദ്യാര്‍ത്ഥി രോഹിത് വിനോദിനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് ഉടന്‍ തന്നെ എത്തിച്ചു. ക്ലാസ് നടന്നുകൊണ്ടിരിക്കെ രോഹിതിന്റെ തലയില്‍ ഫാന്‍ പൊട്ടി വീഴുകയായിരുന്നു. ഫാനിന്റെ മോട്ടര്‍ ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാന്‍ താഴേക്കു വീഴുകയായിരുന്നെന്നാണ് നിഗമനം.

തലയോട് പുറത്തു കാണുന്ന രീതിയില്‍ കുട്ടിക്ക് മുറിവേറ്റിട്ടുണ്ട്.കുട്ടിയുടെ തലയില്‍ 6 സ്റ്റിച്ചുകളുണ്ട്. തലയില്‍ ഭാരം വീണതിനാല്‍ സിടി സ്‌കാന്‍ പരിശോധനയും നടത്തിയിരുന്നു. കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അധ്യാപകര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയതെന്നും സംഭവത്തില്‍ പരാതിയില്ലെന്നു രോഹിതിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്‌നം മൂലം താഴെ വീണതെന്ന് സ്‌കൂള്‍ അധ്യാപകന്‍ പറയുന്നു.

Read more about:
EDITORS PICK