അടുത്താഴ്ച മുതല്‍ ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് വിമാനം പറന്നിറങ്ങും

Sruthi December 11, 2019

അടുത്തിടെ ഒന്നാം വാര്‍ഷികം ആഘോഷിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ എത്തും. ഡിസംബര്‍ 19 മുതല്‍ ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് ഗോ എയര്‍ നേരിട്ട് സര്‍വീസ് നടത്തും. കിഴക്കന്‍ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണിത്.

കാസര്‍കോട്, കോഴിക്കോട് , വയനാട്, മംഗലാപുരം തുടങ്ങി വിവിധ ജില്ലക്കാര്‍ക്കും സമീപ സംസ്ഥാനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.55 ന് ദമാമില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂരില്‍ എത്തിച്ചേരും.

ക്രിസ്തുമസ്, പുതുവത്സര സീസണുകള്‍ മുതലെടുത്ത് വിമാനക്കമ്പനികള്‍ പ്രവാസികളില്‍ നിന്ന് വന്‍ നിരക്ക് ഈടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേവലം 499 റിയാലും റൗണ്ട് ട്രിപ്പിന് 999 റിയാലുമാണ് ഗോ എയര്‍ ഈടാക്കുക.നികുതി ഉള്‍പ്പെടെയാണ് ഈ നിരക്കാണിതെന്ന് അധികൃതര്‍ പറയുന്നു.

30 കിലോ ബാഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും. അഞ്ചു കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധിക ബാഗേജ് കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്. കണ്ണൂരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമാമില്‍ എത്തിച്ചേരും.

പ്രവൃത്തി ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഓഫീസില്‍ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ അബുദാബി, മസ്‌ക്കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് ഗോഎയര്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.ദോഹയില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ദമാമില്‍ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.

Read more about:
EDITORS PICK