ക്രിസ്തുവിന്റെ പ്രതിമ ഇവിടെ വേണ്ട, 114 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി

Sruthi January 14, 2020

കര്‍ണാടകയില്‍ സ്ഥാപിക്കാനിരിക്കുന്ന ക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ ബിജെപിയും ആര്‍എസ്എസും. മോദി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പ്രതിമകള്‍ നിര്‍മ്മിക്കുന്ന അവസ്ഥ രാജ്യം കണ്ടതാണ്. ബിജെപിയും ആര്‍എസ്എസും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള പല വഴികളും കൊണ്ടുവരുന്നുവെന്നതിന്റെ തെളിവുകളും കണ്ടു. ഇപ്പോഴിതാ ക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ പ്രതിഷേധവും.

114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമയ്‌ക്കെതിരെ ഇന്നലെ കനകപുര ചലോ എന്ന പേരില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമ നിര്‍മ്മാണമെന്ന് ആരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ഡികെ ശിവകുമാര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യന്‍ മത വിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിര്‍മിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നും നിയമപരമായാണ് സ്ഥലം വിട്ടുനല്‍കിയതെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

പ്രദേശത്തെ എംഎല്‍എ എന്ന നിലയില്‍ താന്‍ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിമ നിര്‍മ്മിക്കാനായി സ്ഥലം വിട്ടുനല്‍കിയത് ഉള്‍പ്പടെ എല്ലാം ചെയ്തത് നിയമപരമായാണ്. പലഭാഗങ്ങളില്‍ നിന്നും എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും അദ്ദേഹം അണികള്‍ക്ക് നിര്‍ദേശം നല്‍കി. സമാധാനം പുനസ്ഥാപിക്കാനായി 1000 പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്.

13 പടികള്‍ ഉള്‍പ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിര്‍മ്മാണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നായിരിക്കും കര്‍ണാടകയിലെ കനകപുരയിലേത്.

Read more about:
EDITORS PICK
ENTERTAINMENT