ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ എടുത്ത് സ്വർണ്ണം മോഷ്ടിച്ച് ടെറസിൽ ഉപേക്ഷിക്കും: നൂറോളം കേസുകളില്‍ പ്രതി; ഹ്യുണ്ടായ് അനസ് പോലീസ് വലയിൽ

arya antony January 16, 2020

കോഴിക്കോട്: രാത്രി കാലങ്ങളിൽ നാട്ടുകാരുടെ പേടി സ്വപ്നമായ ഹ്യൂണ്ടായ് അനസ്സിനെ പോലീസ് വലയിലാക്കി. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയായ അനസ് ഇപ്പോൾ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ്. പന്തീരങ്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽനിന്ന് അതിവിദഗ്ധമായി ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുകയാണ് മോഷണ ശൈലി,

കഴിഞ്ഞ വർഷം മെയ് മാസത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈൻ എന്നയാളുടെ വീട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ആഭരണങ്ങൾ കവർന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മാതാപിതാക്കൾ ചെന്നുനോക്കുമ്പോൾ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നു. രണ്ടാഴ്ചയ്ക്കുശേഷം അനസ് താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്ലാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നവരുടെ വീട്ടിലും സമാനമായ രീതിയിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി ചെയിനും തണ്ടയും അരഞ്ഞാണവും കവർന്നെടുത്ത് കുഞ്ഞിനെ ടെറസിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഭീതിയിലായ ജനങ്ങൾ കളവുകൾക്ക് പിന്നിൽ അന്യസംസ്ഥാനക്കാർ ആണെന്ന് സംശയം ഉന്നയിക്കുകയും അപ്രകാരം പൊലീസ് അന്യസംസ്ഥാനങ്ങളിലെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പരിശോധിക്കുകയുമുണ്ടായി. പുത്തൂർ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണങ്ങൾ തുടർക്കഥയാകുന്നത് പൊലീസിനും ജനങ്ങൾക്കും വലിയ തലവേദനയായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജിന്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ മോഷണ രീതിയുള്ള കള്ളന്മാരുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അനസിനെ രഹസ്യമായി നിരീക്ഷിച്ച പൊലീസ് ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതി കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more about:
EDITORS PICK