ഗവര്‍ണര്‍ തരംതാഴരുത്: ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യത്തിലെ അനാരോഗ്യ പ്രവണത: ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ

arya antony January 17, 2020

തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് ​ഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിലുള്ള വാ​ഗ്ദ്വാദം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ തരംതാഴരുതെന്ന് കുറ്റപ്പെടുത്തിയ കാനം, ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യത്തിലെ അനാരോഗ്യ പ്രവണതയാണെന്നും ഓര്‍മ്മിപ്പിച്ചു.

ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയേണ്ട കാര്യമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറുടെ അനുവാദം വേണ്ടെന്നും കാനം പറഞ്ഞു. ഭരണഘടനയുടെ 131-ാം അനുഛേദത്തില്‍ ഇക്കാര്യം വ്യക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. തന്നെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കേയാണ് കാനത്തിന്റെ പ്രതികരണം.

Read more about:
EDITORS PICK