കളിയിക്കാവിള കൊലപാതകം; പ്രതികൾക്ക് ഐഎസ് ബന്ധം: ബാഗില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തു

arya antony January 25, 2020

തിരുവനന്തപുരം: കളിയിക്കാവിളയിൽ എസ്‌എസ്‌ഐയെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളുടെ ബാഗില്‍ നിന്നു ലഭിച്ചത് ഐഎസ് ബന്ധം വ്യക്തമാക്കുന്ന കുറിപ്പെന്ന് സൂചന. പ്രതികള്‍ സൂക്ഷിക്കാനേല്‍പിച്ച ബാഗ് കസ്റ്റഡിയില്‍ കഴിയുന്ന പത്താംകല്ല് സ്വദേശി ജാഫറിന്റെ വീട്ടില്‍ നിന്നു കണ്ടെത്തി. തമിഴ്നാട് നാഷണല്‍ ലീഗ് എന്ന സംഘടനയുടെ ഐഎസ് ബന്ധം വെളിവാക്കുന്നതാണിതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സാമുദായിക കലാപങ്ങളടക്കം സൃഷ്ടിക്കാന്‍ മത തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രാദേശിക സംഘടനകളെ ഐഎസ് അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് പുതിയ വിവരങ്ങള്‍.

‍മതത്തിനായി ഇന്ത്യയില്‍ പോരാട്ടം നടത്തും, തലൈവര്‍ കാജാ ഭായ് എന്നതടക്കം മുന്ന് വരികളാണ് കുറിപ്പിലുള്ളത്. ബംഗളൂരുവില്‍ പിടിയിലായ കാജാ മൊയ്തിനാണ് കുറിപ്പില്‍ പറയുന്ന കാജാ ഭായ് എന്ന നിഗമനത്തിലാണ് പെ‍ാലീസ്. കാര്യമായ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ ഇത്തരം സംഘടനകള്‍ ഉപയോഗിക്കുന്നതിനാല്‍ അക്രമങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ സേനകള്‍ക്ക് കഴിയാറില്ല. എസ്‌എസ്‌ഐ കെ‍ാലകേസില്‍ ക്യു ബ്രാ‍ഞ്ച് തിരയുന്ന തെറ്റിയോട് പുന്നയ്ക്കാട്ടുവിള സ്വദേശി കംപ്യൂട്ടര്‍ എന്‍ജിനീയറായ സെയ്തലിക്ക് വിദേശ തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്നാണ് പെ‍ാലീസിന് ലഭിച്ച വിവരം. അടുത്തിടെ ക്യു ബ്രാഞ്ച് പെ‍ാലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതിന്റെ അടുത്ത ദിവസമായിരുന്നു കെ‍ാലപാതകം.

Read more about:
EDITORS PICK