കൊറോണ കേരളത്തിലും: ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍, എങ്കിലും സൂക്ഷിക്കണം, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

Sruthi January 30, 2020

ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണ സ്ഥിരീകരിക്കുന്നത്. അതും കേരളത്തിലെന്നത് ആശങ്കയുണ്ടാക്കുന്നു. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം പറയുന്നുണ്ടെങ്കിലും എല്ലാവരും ജാഗ്രതയോടെയിരിക്കണം. കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കേണ്ടതാണ്.

ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ ഏത് വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. എവിടെയാണ് ചികിത്സ തേടിയതെന്നുള്ള വിവരവും പുറത്തുവിട്ടിട്ടില്ല. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ്പ എന്ന മാരക വൈറസിനെ കേരളം അതിജീവിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് ഭയത്തോടെയല്ലാതെ കൊറോണയെ കാണാന്‍ കഴിയില്ല. ചൈനയില്‍ നിന്നുള്‍പ്പെടെ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം ആശുപത്രികളിലേക്ക് പോകണം. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി, ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ടതില്ല. കൂടെ പോകുന്ന ആളും മാസ്‌ക് അല്ലെങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്ര ഒഴിവാക്കണം. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും (0471 2552056) വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

മുന്‍കരുതലുകള്‍

വീട്ടില്‍ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക.

ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയുക.

പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.

ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പരുത്.

സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.

വീട്ടിലെ മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.

നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

Read more about:
RELATED POSTS
EDITORS PICK