മത്സരത്തിനിടെ മരിച്ച സന്തോഷ് ട്രോഫി താരം ധനരാജിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന്‍

Sruthi February 10, 2020

സന്തോഷ് ട്രോഫി മുന്‍ താരം ധനരാജിന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം നല്‍കി മന്ത്രി ഇപി ജയരാജന്‍. പെരിന്തല്‍മണ്ണയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മരിച്ച താരമാണ് പാലക്കാട് കൊട്ടേക്കാട് തെക്കോണിയിലെ ആര്‍ ധനരാജ്.

സഹകരണ വകുപ്പില്‍ ജോലി നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു. കാസര്‍കോട് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തര്‍ദേശീയ കായിക മത്സര വിജയികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 29 നാണ് നെഹ്‌റു സ്റ്റേഡിയത്തിലെ സെവന്‍സ് ഫുട്‌ബോളില്‍ പെരിന്തല്‍മണ്ണ എഫ്‌സിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് ധനരാജ് കളിക്കളത്തില്‍ കുഴഞ്ഞു വീണ് മരണപ്പെട്ടത്. കളിക്കളത്തിലിറങ്ങിയ ധനരാജന്‍ ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. അര്‍ച്ചനയാണ് ധനരാജന്റെ ഭാര്യ.

Read more about:
EDITORS PICK