കൊറോണ വൈറസ് പകരുന്നത് കോഴികളില്‍ നിന്നോ? പോസ്റ്റുകള്‍ പ്രചരിക്കുന്നു

Sruthi February 13, 2020

കൊറോണ വൈറസ് ഏതൊക്കെ മാംസങ്ങളില്‍ നിന്ന് പടരുന്നുവെന്നുള്ള വ്യക്തമായ പഠനം ഇതുവരെ നടന്നിട്ടില്ല. എന്നാല്‍, ഇതിനിടെ കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്നാണെന്നുള്ള പ്രചരണം നടക്കുന്നു. രോഗബാധയുള്ളതെന്ന് തോന്നിപ്പിക്കുന്ന കോഴികളുടെ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്താണ് പ്രചരണം.

ആളുകളില്‍ ഭീതി ജനിപ്പിക്കാനുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ കൊന്നുവെന്ന വാര്‍ത്തയാണ് പ്രചരണത്തിന് പിന്നിലുള്ളത്.

ബെംഗളൂരുവില്‍ കോഴികളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ എല്ലാവരും കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കുക. എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കുക. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്.

എന്നാല്‍, ഇതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. കോഴികളില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. മാത്രമല്ല, ഏതുതരം കോഴികളുടെ ഇറച്ചിയും ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ നശിപ്പിച്ചെന്ന വാര്‍ത്ത ശരിയാണ്. പക്ഷേ അവയെ ബാധിച്ചത് കൊറോണ വൈറസ് അല്ല. ഹുനാന്‍ പ്രവിശ്യയില്‍ കോഴികളില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 18,000 കോഴികളെ കൊന്നു നശിപ്പിച്ചത്. ഇക്കാര്യം ചൈനീസ് കൃഷിമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK