എസ്എഫ്ഐയുടെ പുല്‍വാമ അനുസ്മരണ സമയത്ത് കെ.എസ്.യുവിന്റെ പൊറോട്ട തീറ്റമത്സരം; എറണാകുളം ലോ കോളേജില്‍ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി: 12 പേർക്ക് പരിക്ക്

arya antony February 14, 2020

കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐയും കെ.എസ്.യും തമ്മില്‍ സംഘര്‍ഷം. വാലന്റൈന്‍സ് ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പരുക്കേറ്റ 12 പേരെ എറണാകുളം ജില്ലാശുപത്രിയിലും കടവന്ത്ര സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം ക്രിക്കറ്റ് ബാറ്റുകളും വടികളും കല്ലുമായി ഏറ്റുമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയന്‍ പുല്‍വാമ ഓര്‍മദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതേ സമയം തന്നെ കെ.എസ്‍.യു വിദ്യാര്‍ഥികള്‍ പൊറോട്ട തീറ്റ മല്‍സരവും സംഘടിപ്പിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം, കെ.എസ്‌.യു പുറത്തുനിന്ന് ആളെ ഇറക്കി തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു എന്ന് എസ്.എഫ്‌.ഐ ആരോപിക്കുന്നു.യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്. ആക്രമിക്കുകയാണെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. ഇരുവിഭാഗങ്ങളുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. കോളജ് ഈ മാസം 24 വരെ അടച്ചിട്ടതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read more about:
RELATED POSTS
EDITORS PICK