കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും കവര്‍ന്നു:കൊള്ളയടിച്ചത് കള്ളക്കടത്ത് സ്വര്‍ണമെന്ന് സൂചന

Harsha February 14, 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളെയാണ് മര്‍ദ്ദിച്ചവശരാക്കി സ്വര്‍ണം കവര്‍ന്നത്. അക്രമികള്‍ യാത്രക്കാരുടെ വസ്ത്രങ്ങള്‍ അഴിച്ച് ദേഹപരിശോധനയും നടത്തി.

തട്ടിക്കൊണ്ടുപോകല്‍ കള്ളക്കടത്ത് സ്വര്‍ണം കൊള്ളയടിക്കാനെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഏറ്റവും ഒടുവില്‍ കാസര്‍കോട് സ്വദേശികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം കള്ളക്കടത്ത് സ്വര്‍ണമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മംഗളൂരു സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്.

ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ അബ്ദുള്‍ നാസര്‍ ഷംസാദിനെ കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തട്ടിക്കൊണ്ടുപോയത്. ജീപ്പിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തലേക്കര എന്ന സ്ഥലത്തുവച്ച് വാഹനം തടഞ്ഞ് അബ്ദുള്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Read more about:
EDITORS PICK