ദുരഭിമാനക്കൊല:സഹോദരന്‍ യുവതിയെ വെടിവെച്ചു കൊന്നു,വെടിയേറ്റത് സ്വകാര്യ ഭാഗങ്ങളില്‍

Harsha February 17, 2020

പ്രണയബന്ധത്തിന്റെ പേരില്‍ സഹോദരിയെ അര്‍ധസഹോദരന്‍ വെടിവെച്ചുകൊന്നു. മീററ്റിലെ സര്‍ദാന സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ടീന ചൗധരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ ടീനയുടെ അര്‍ധസഹോദരന്‍ പ്രശാന്ത് ചൗധരി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു.

ശനിയാഴ്ചയായിരുന്നു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ടീനയും ഒരു യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം ടീന വീട്ടിലറിയിച്ചിരുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഒരുകാരണവശാലും ഈ ബന്ധം അംഗീകരിക്കില്ലെന്നും അവസാനിപ്പിക്കണമെന്നും പ്രശാന്ത് അടക്കമുള്ളവര്‍ ടീനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ടീന തന്റെ പ്രണയം തുടരുകയായിരുന്നു.

ശനിയാഴ്ച ബന്ധുക്കളടക്കം പങ്കെടുത്ത ഒരു ജന്മദിന ആഘോഷത്തിനിടെയാണ് പ്രശാന്ത് ടീനയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം അമിതമായി മദ്യപിച്ച പ്രശാന്ത് ടീനയുടെ സ്വകാര്യഭാഗങ്ങള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍നിന്നും പിന്‍ഭാഗത്തുനിന്നും മൂന്ന് വെടിയുണ്ടകളാണ് കണ്ടെടുത്തത്.

അതേസമയം, വെടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ടീനയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ അക്രമികള്‍ വെടിവെച്ചതാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം മൊഴിനല്‍കിയത്. സംഭവസ്ഥലത്ത് നിന്ന് രക്തക്കറയടക്കം തുടച്ചുനീക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച പോലീസിന് സംശയം വര്‍ധിച്ചതോടെയാണ് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഇതോടെയാണ് പ്രശാന്താണ് കൃത്യം നടത്തിയതെന്ന വിവരം മനസിലായത്.

Read more about:
EDITORS PICK