ഇതര ജാതിക്കാരുടെ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തി:ദലിത് യുവാവിനെ തല്ലിക്കൊന്നു

Harsha February 17, 2020

വില്ലുപുരത്ത് ഇതരജാതിക്കാരുടെ സ്ഥലത്തു മലമൂത്ര വിസര്‍ജനം നടത്തിയതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു. വില്ലുപുരം കാരായി ദലിത് കോളനിയിലെ ശക്തിവേല്‍ (24) ആണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 3 സ്ത്രീകളടക്കം വണ്ണിയര്‍ സമുദായത്തിലെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ശക്തിവേല്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെയാണു സംഭവം. തിരികെ വരുന്നതിനിടെ വിസര്‍ജനത്തിനായി ആളൊഴിഞ്ഞ പറമ്പിലേക്ക് കയറിയ ശക്തിവേലിനെ അതുവഴി വന്ന സ്ത്രീ കണ്ടു. നഗ്‌നത കാണിച്ചെന്ന് ആരോപിച്ച് അവര്‍ ഭര്‍ത്താവിനെയും നാട്ടുകാരെയും വിളിച്ചുകൂട്ടുകയായിരുന്നു. ആധാര്‍ കാര്‍ഡില്‍ നിന്നു പേരും ജാതിയും മനസ്സിലാക്കിയ ജനക്കൂട്ടം ശക്തിവേലിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു.

തിരിച്ച് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കൊലപാതകം, പട്ടികജാതി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുത്തു്.

ഇതേസമയം ശക്തിവേലിനെ അക്രമികളില്‍ നിന്നു മോചിപ്പിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയാറാവാത്ത വില്ലുപുരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ദലിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK