തമ്പാനൂരിലെ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്: ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ പരിശോധിക്കാന്‍ വിജിലന്‍സ്

arya antony February 23, 2020

തിരുവനന്തപുരം: തമ്പാനൂരിലെ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളിലെ വിജിലന്‍സ് പരിശോധന പൂര്‍ത്തിയായി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ ഷിബു കെ നായര്‍, രഞ്ജന്‍ രാജ് എന്നിവര്‍ നടത്തുന്നു എന്ന് ആരോപണമുള്ള ലക്ഷ്യ, വീറ്റോ എന്നീ പിഎസ്‍സി പരിശീലന കേന്ദ്രങ്ങളില്‍ ഒരേ സമയമായിരുന്നു വിജിലന്‍സ് പരിശോധന. പൊതുഭരണ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് അന്വേഷണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. പരിശോധനക്ക് എത്തുന്നതിന് മുന്‍പ് തന്നെ സുപ്രധാന പല രേഖകളും ഓഫീസുകളില്‍ നിന്ന് മാറ്റിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണ് സംശയം. അതിനിടെ വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി.

ഷിബുവിന്‍റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യയെന്ന സ്ഥാപനം. വീറ്റോയെന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്റെ മൂന്ന് സുഹൃത്തുക്കളുടെ പേരിലാണ്. രഞ്ജന്‍, സ്ഥാപനത്തിലെ അധ്യാപകന്‍ മാത്രമാണെന്നാണ് ഉടമകള്‍ പറയുന്നത്. ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാള്‍ സര്‍വീസില്‍ തുടരുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമസ്ഥരില്‍ ഒരാള്‍ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പിഎസ്‌സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച്‌ ഇരുവരും വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ വാട്സ്‌ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കി തുടങ്ങിയ ആരോപണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്തു വിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്‌സി ജീവനക്കാരുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.

Read more about:
RELATED POSTS
EDITORS PICK