മൂത്രമൊഴിക്കുമ്പോല്‍ എങ്ങനെയാണ് മദ്യം വരിക എന്ന് നിങ്ങള്‍ക്ക് തോന്നാം. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് സ്വദേശിയായ വയോധികയ്ക്കാണ് ഇങ്ങനെയൊരു അപൂര്‍വ്വ രോഗം. വയോധിക മൂത്രമൊഴിക്കുമ്പോള്‍ മദ്യമാണ് വരുന്നത്. മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമാകാം.
വയോധികയുടെ മൂത്രാശയത്തില്‍ യീസ്റ്റിന്റെ സാന്നിദ്ധ്യം കാരണം ഫെര്മെന്റേഷന് നടക്കുന്നു. ഇതിലൂടെ ശരീരത്തിലെ പഞ്ചസാര എഥനോളായി മാറുന്നു. ബ്ലാഡര്‍ ഫെര്മെന്റേഷന് നടക്കുന്നു. ഇങ്ങനെയാണ് മദ്യം വരുന്നത്. വയറ്റിലെ കാര്‍ബോ ഹൈഡ്രേറ്റുകളുടെ സാന്നിദ്ധ്യം മൂലം ആളുകള്‍ക്ക് മദ്യപിച്ചതിന്റെ ഫലം നല്കുന്ന പ്രതിഭാസത്തിന് സമാനമാണിതെന്ന് അവര്‍ പറയുന്നു. മദ്യപിക്കാതെ തന്നെ ഈ അവസ്ഥയിലെത്തുന്ന പ്രതിഭാസം.

കരള്‍ രോഗവും ഡയബറ്റിസും കാരണമാണ് വയോധിക ആശുപത്രിയിലെത്തുന്നത്. അവരുടെ മൂത്ര സാമ്പിളുകളില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പതിവായി മദ്യപിക്കുന്നതു കൊണ്ടാകാം ഇങ്ങനെ വന്നതെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. എന്നാല്‍ സത്യം അതല്ലായിരുന്നു.
മൂത്ര സാമ്പിളുകളുടെ പരിശോധനയില്‍ മുളച്ച യീസ്റ്റിനൊപ്പം ഗ്ലൂക്കോസും വന്‍തോതില്‍ കണ്ടെത്തി. ഹൈപ്പര്‍ ഗ്ലൈക്കോസ് യൂറിയ എന്ന ആരോഗ്യ സ്ഥിതി ഡോക്ടര്‍മാരില്‍ ദുരൂഹതയുണര്‍ത്തി. സംശയനിവാരണത്തിനായി മൂത്രാശയത്തില്‍ യീസ്റ്റിന്റെ കോളനികള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. മൂത്രാശയത്തിലെ യീസ്റ്റ് പഞ്ചസാരയെ എഥനോളായി മാറ്റുന്നുണ്ടാകാം എന്നായിരുന്നു ഡോക്ടര്‍മാരുടെ സംശയം. തുടര്‍ന്നുള്ള പരിശോധനകള്‍ ഈ സ്ത്രീയുടെ മൂത്രാശയത്തില്‍ കാന്ഡിഡ ഗ്ലബ്രാട്ട എന്ന പ്രകൃതിദത്ത യീസ്റ്റിന്റെ സാന്നിധ്യം കണ്ടെത്തി. മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റുമായി ബന്ധമുണ്ട് കാന്ഡിഡ ഗ്ലബ്രാട്ടയ്ക്ക്. ഇത് മനുഷ്യശരീരത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും കൂടിയ അളവില്‍ കണ്ടെത്തുന്നത് അസാധാരണമാണ്.