ഒരു കോടി രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍, ടൊയോട്ട വെല്‍ഫയര്‍

Sruthi March 2, 2020

ടൊയോട്ടയുടെ വെല്‍ഫയര്‍ സ്വന്തമാക്കുന്ന ആദ്യ മലയാളിയായി താരരാജാവ് മോഹന്‍ലാല്‍. ഏകദേശം ഒരു കോടിക്ക് അടുത്താണ് ഈ കാറിന്റെ വില. ആഡംബര കാറുകള്‍ നിരവധിയുള്ള താരമാണ് മോഹന്‍ലാല്‍. ഷോറൂമില്‍ വെച്ചല്ല താക്കോല്‍ കൈമാറല്‍ നടന്നത്. പ്രത്യേക ഒരിടത്താണ് വാഹനം കൈമാറിയത്.

ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാലിനൊപ്പം എത്തിയത്. കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്. ഫെബ്രവരി 26നാണ് ആഡംബര സൗകര്യങ്ങളുമായി വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവയുണ്ട്.

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ തീയേറ്ററിലെത്താന്‍ പോകുകയാണ്. അതിന്റെ സന്തോഷത്തിലാണ് ലാലും സംഘവും. ബിഗ്ബജറ്റില്‍ ഒരുങ്ങിയ ചിത്രം അയ്യായിരത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുക.

Read more about:
EDITORS PICK