പത്ത് ഡിറ്റര്‍ജന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കണം

Sruthi March 5, 2020

കെമിക്കലുകള്‍ അടങ്ങിയ ഡിറ്റര്‍ജന്റുകള്‍ കൂടിയ വീര്യമുള്ളവയാണ്. ഇതില്‍ പലതും രോഗങ്ങള്‍ക്ക് കാരണമായേക്കാം. പലര്‍ക്കും ഡിറ്റര്‍ജന്റുകളുടെ ഉപയോഗം അലര്‍ജി രോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് അതിലും മാരകമായ ഒന്നാണ്. പത്ത് ഡിറ്റര്‍ജന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനം.

പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക്ക് ലിങ്ക് എന്ന എന്‍ജിഒ ആണ് ‘ഡേര്‍ട്ടി ട്രെയ്ല്‍: ഡിറ്റര്‍ജന്‍ഡ് ടു വാട്ടര്‍ബോഡീസ്’ എന്ന പേരില്‍ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ ചില ഡിറ്റര്‍ജന്റുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നുമെടുത്ത സാംപിളുകളിലായിരുന്നു പഠനം നടന്നത്.

രാജ്യത്തെ നദികളില്‍ ഗുരുതരയളവില്‍ ക്യാന്‍സറിന് കാരണമാകുന്ന നോണൈല്‍ഫിനോള്‍ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലജീവികള്‍ക്ക് പുറമെ പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമാണ് നോണൈല്‍ഫിനോള്‍. മറ്റ് രാജ്യങ്ങളില്‍ നോണൈല്‍ഫിനോളിന് കടുത്ത നിയന്ത്രണം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗംഗാനദി, ഉത്തര്‍ പ്രദേശിലെ ഹിന്ദോണ്‍, ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ തപ്തി, രാജസ്ഥാനിലെ ബന്ദി, ഒഡീഷയിലെ മഹാനദി, നാഗ്പൂരിലെ അംബസാരി നദി എന്നിവിടങ്ങളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. രാജസ്ഥാനിലെ ബന്ദി നദിയിലാണ് ഏറ്റവും കൂടുതല്‍ നോണൈല്‍ഫിനോള്‍. 41.27 പിപിഎം. ഗംഗയില്‍ ഇത് 14.76 പിപിഎം ആണ്.എല്ലാ ഡിറ്റര്‍ജന്റ് സാംപിളുകളിലും കൂടിയ അളവില്‍ നോണൈല്‍ഫിനോള്‍ ഉണ്ട്. എന്നാല്‍ ഏതൊക്കെയാണ് ഈ പത്ത് ഡിറ്റര്‍ജന്റുകളെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

Tags:
Read more about:
EDITORS PICK