ഫോണ്‍ ചെയ്യുമ്പോള്‍ കൊറോണ അലേര്‍ട്ട് നിങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നുണ്ടോ? വേണ്ടെന്നുവെക്കാന്‍ വഴിയുണ്ട്‌

Harsha March 11, 2020

കോറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ പരിപാടികളും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും കേന്ദ്ര-സംസ്ഥന സര്‍ക്കാരുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫോണ്‍ ചെയ്യുമ്പോള്‍ കോളര്‍ ട്യൂണായി കൊറോണ അലര്‍ട്ട് മെസ്സേജ് നല്‍കുന്നതായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണത്തിനായി സന്ദേശം കേള്‍പ്പിക്കാന്‍ തുടങ്ങിയത്.

കൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള വിവരങ്ങളാണ് റിങ്ടോണ്‍ ആയി കേള്‍ക്കാന്‍ കഴിയുന്നത്. ഡയല്‍ ചെയ്ത ഉടന്‍ കേള്‍ക്കുക ചുമയാണ്, പിന്നെ കൈകള്‍ കൃത്യമായി കഴുകേണ്ടതിന്റെയും മറ്റും വിശദാംശങ്ങളും ഇതില്‍ പറയുന്നു.30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വോയിസ് മെസ്സേജിന് ശേഷം മാത്രമാണ് കോള്‍ കണക്ടാവുക.ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ നമ്പറിലേക്ക് വിളിക്കുമ്പോൾ റിംഗ്‌ടോണിന് പകരം ഇത്തരത്തില്‍ കോറോണ മുന്നറിയിപ്പ് കേള്‍ക്കുന്നത്.

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് റിങ്ടോണ്‍ കേള്‍ക്കുക. രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്ചെയ്തതോടെയാണ് ടെലികോം മന്ത്രാലയം ഇത്തരം നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.അതേസമയം അടിയന്തിര സാഹചര്യങ്ങളില്‍ ഫോണ്‍ ചെയ്യുന്ന സമയത്ത് ഇത്രയും നീണ്ട സന്ദേശം ഉപഭോക്താവിന് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

ഇത്തരം ഘട്ടങ്ങളില്‍ 30 സെക്കന്‍ഡ് സന്ദേശം കഴിയുന്നത് കാത്തിരിക്കാതെ തന്നെ നമുക്ക് കോള്‍ കണക്ട് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. അതിന് ചെയ്യേണ്ടത് ഇത്രമാത്രമാണ്.

1) നമ്പര്‍ ഡയല്‍ ചെയ്യുക, 2) സന്ദേശം ആരംഭിക്കാന്‍ കാത്തിരിക്കുക, ഇത് തുടങ്ങിയാലുടന്‍ 1 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക, 3) ഒന്ന് അമര്‍ത്തിയാലുടന്‍ തന്നെ കോള്‍ ഡയല്‍ ചെയ്ത നമ്പറിലേക്ക് കണക്ടാകും.
സന്ദേശം ഒരു ബുദ്ധിമുട്ടല്ല,ആവശ്യമാണ്.അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഒഴിവാക്കുക

Read more about:
EDITORS PICK