പാക്കിസ്ഥാന്‍ ‘പിക്‌നിക് മൂഡി’ല്‍,സ്ഥിതി അതീവ ഗുരുതരമെന്ന് അക്തര്‍

Harsha March 24, 2020

പാക്കിസ്ഥാൻ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തർ. പലർക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും അക്തർ മുന്നറിയിപ്പു നൽകി.

ഇന്ന് വളരെ സുപ്രധാനമായൊരു കാര്യത്തിന് ഞാൻ പുറത്തുപോയിരുന്നു. ആരുമായും ഹസ്തദാനം നടത്തുകയോ ആരെയും ആശ്ലേഷിക്കുകയോ ചെയ്തില്ല. മാത്രമല്ല, വാഹനം പൂർണമായും അടച്ചുപൂട്ടിയാണ് യാത്ര ചെയ്തത്. കഴിയുന്നത്ര വേഗം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.’

‘പക്ഷേ, ഈ യാത്രയിൽ പുറത്തു കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഒരു ബൈക്കിൽ നാലു പേർ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവർ എവിടെയോ ടൂർ പോകുകയാണ്. ഒട്ടേറെപ്പേർ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു. എന്തിനാണ് നമ്മൾ ഇപ്പോഴും ഹോട്ടലുകൾ തുറന്നുവച്ചിരിക്കുന്നത്? എത്രയും വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടത്?’ – തന്റെ യുട്യൂബ് ചാനലിൽ അക്തർ ചോദിച്ചു.

‘ഇന്ത്യയെ നോക്കൂ. അവിടെ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പാക്കിസ്ഥാനിൽ ഇപ്പോഴും നമുക്കു യാത്രകൾ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ല.ആളുകൾ തെരുവുകളിൽ കൂട്ടംകൂടുന്നത് തടയാൻ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും അക്തർ പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം ചൊവ്വാഴ്ചവരെ പാകിസ്താനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. നിലവില്‍ ആറ് പേരാണ് പാകിസ്താനില്‍ രോഗം ബാധിച്ച് മരിച്ചത്.

Read more about:
RELATED POSTS
EDITORS PICK