ലോകത്ത് കൊവിഡ് മരണം 23000 കടന്നു: അമേരിക്കയിൽ ഇതുവരെ 1200 ലേറെ പേർ മരിച്ചു: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിൽ

arya antony March 27, 2020

വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമതെത്തി. വൈറസ് ബാധിച്ച് മരിച്ചവരിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. അമേരിക്കയിൽ കൊവിഡ് മരണം 1046 ആയി.

ഇറ്റലിയിൽ ഇന്ന് മാത്രം 662 ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയിൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു. ഇന്ന് മരണസംഖ്യയിൽ കുത്തനെയുള്ള വർധനവാണ് ഉണ്ടായത്. അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്നത് ലോകരാഷ്ട്രങ്ങൾക്കെല്ലാം വെല്ലുവിളിയായി. ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്.

ഹംഗറിയിൽ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു. വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ വസതിയിൽ താമസിക്കുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കൻ സൈനികർക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. അടച്ചുപൂട്ടൽ സമയം കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായ പരിശീലനം നൽകി നിയോഗിക്കാൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.

കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം നിർത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെയിനിൽ 24 മണിക്കൂറിനിടെ 7,457 പേർ രോഗികളായി. മരിച്ചവരുടെ എണ്ണത്തിൽ ചൈനയെയും മറികടന്നു. ആകെ മരണം 3647 ആയി. രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രിൽ 12 വരെ നീട്ടി.

Read more about:
RELATED POSTS
EDITORS PICK