വാങ്ങാനാരുമില്ല, ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍

സ്വന്തം ലേഖകന്‍ April 4, 2020

ലക്ഷങ്ങള്‍ വിലമതിക്കുന്ന കദളിക്കുലകള്‍ സൗജന്യമായി നല്‍കി കര്‍ഷകന്‍ അലക്‌സ്. പഴം അധികനാള്‍ വയ്ക്കാന്‍ കഴിയില്ല. വാങ്ങാനാണേല്‍ ആരുമില്ല. ഒടുവില്‍ കര്‍ഷകന്‍ സൗജന്യമായി കദളിക്കുലകള്‍ നല്‍കുകയായിരുന്നു.

അലക്‌സ് ചെയ്തതിങ്ങനെ. റോഡിലിറങ്ങിയവര്‍ക്ക് കദളിക്കുലകള്‍ നല്‍കുകയായിരുന്നു ഈ കര്‍ഷകന്‍. കൊറോണ വൈറസ് വ്യാപനവും പിന്നാലെയെത്തിയ ലോക്ഡൗണും മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്‌സ് ജോസഫിന്റെ കദളികൃഷിയെ സാരമായി ബാധിച്ചു. പാകമായ കുലകള്‍ വെട്ടിയിട്ടാലും ആര്‍ക്കും കൊണ്ടുപോകാനാകാത്ത അവസ്ഥ.

കണ്ണന് നിവേദിക്കാന്‍ ആയിരക്കണക്കിന് കദളിക്കുല ആഴ്ചതോറും ഗുരുവായൂരിലെത്തിച്ചിരുന്ന കര്‍ഷകനാണ് അലക്‌സ്. ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതോടെ ആവശ്യക്കാരെ തേടി കദളിക്കുലകളുമായി അലക്‌സ് അലഞ്ഞു. ആയിരക്കണക്കിന് കദളിക്കുലകളാണ് അലക്‌സിന്റെ തോട്ടത്തിലുള്ളത്. പാകമായ കുലകള്‍ ദിവസവും വെട്ടുന്നു. കുലകള്‍ വെട്ടി കൂട്ടിയിട്ട് സമീപത്തെ പച്ചക്കറിവ്യാപാരികളെ സമീപിക്കുന്ന അലക്‌സിന് നിരാശമാത്രം ബാക്കി.

കദളിക്കായയ്ക്ക് ഗുരുവായൂരില്‍ കിലോയ്ക്ക് 100 രൂപവരെ വില മാര്‍ച്ച് ആദ്യവാരത്തില്‍ ലഭിച്ചിരുന്നുവെന്ന് അലക്‌സ് പറഞ്ഞു. സീസണില്‍ ഇത് 130 രൂപവരെ വരാറുണ്ട്. മൈസൂര്‍പൂവന്റെ വിലയായ കിലോയ്ക്ക് 20 രൂപ തന്നാല്‍ മതിയെന്നു പറഞ്ഞാലും കദളി വാങ്ങാന്‍ ആളില്ല. മാസത്തില്‍ മൂന്നുലക്ഷം രൂപയ്ക്കുവരെ കദളിക്കുലകള്‍ ഗുരുവായൂരില്‍ വിറ്റുപോയിരുന്നു.

Tags: ,
Read more about:
EDITORS PICK