ആറാമത്തെ പരിശോധനാഫലവും നെഗറ്റീവ്:കനിക കപൂര്‍ ആശുപത്രി വിട്ടു

Harsha April 6, 2020

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗായിക കനിക കപൂർ ആശുപത്രി വിട്ടു.ആറാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗബാധയെ തുടർന്ന് മാർച്ച് 20-നാണ് കനികയെ ലഖ്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

ആശുപത്രി വിട്ടെങ്കിലും കനിക കപൂർ 14 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരും. മാർച്ച് 20 നാണ്‌ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

യാത്രാവിവരം മറച്ചുവെച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്നും കനിക ഒഴിവായെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലഖ്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചു. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ചില ബോളിവുഡ് താരങ്ങളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിന് കനികയ്ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Read more about:
EDITORS PICK