കുട്ടികളെ ബാധിക്കുന്ന അപൂര്‍വ്വരോഗം, കൊവിഡിനുപിന്നാലെ കുട്ടികള്‍ മരിക്കുന്നു, 73 കുട്ടികള്‍ ആശുപത്രികളില്‍

Sruthi May 9, 2020

കൊവിഡിനൊപ്പം പല രോഗങ്ങളും ലോകത്തെ വലിഞ്ഞുമുറുക്കുകയാണ്. അമേരിക്കയില്‍ മറ്റൊരു അപൂര്‍രോഗവും കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി മരിച്ചു.

കൊറോണ വൈറസ് കാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥ മൂലമാകാം കുട്ടി മരിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍ മറ്റൊരു കുട്ടിയും സമാന അവസ്ഥയില്‍ മരിച്ചിരുന്നു. ഈ കുട്ടിയുടെ ശരീരത്തില്‍ കൊറോണ വൈറസ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു

കവാസാക്കി രോഗത്തിന്റെയും ‘ടോക്സിക് ഷോക്ക് ലൈക്ക് സിന്‍ഡ്രോം’ എന്ന രോഗത്തിന്റെയും ലക്ഷണങ്ങളോടെ 73 കുട്ടികളെയാണ് ന്യൂയോര്‍ക്കിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഈ കുട്ടികളില്‍ പലര്‍ക്കും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. കോവിഡും കവാസാക്കി രോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

ഇതു വേദനിപ്പിക്കുന്ന അവസ്ഥയാണ്. യുഎസില്‍ ചില കുട്ടികളില്‍ കൊറോണ വൈറസ് ബാധയുണ്ടായി ആറ് ആഴ്ച വരെ രോഗലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.രക്തധമനികളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് കവാസാക്കി രോഗം. ഇതു മൂലം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കുറയും. കുട്ടികളിലാണ് ഈ രോഗം കൂടതലായി കാണപ്പെടുന്നത്. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണും. പനിയുണ്ടാകും. തൊലി അടര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും.

കൃത്യമായി പരിശോധന നടത്തണമെന്നും 21 വയസില്‍ താഴെയുള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് ബാധിച്ച് ആഴ്ചകള്‍ക്കു ശേഷം പുതിയ രോഗാവസ്ഥ സംജാതമാകാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മൂന്നു നാലു ദിവസത്തേക്കു നല്ല പനിയുള്ള കുട്ടികള്‍ക്കു പിന്നീട് കൈകളിലും കാലുകളിലും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും. ഇവര്‍ക്കു വയറിനു പ്രശ്നമുണ്ടാകും. കണ്ണുകള്‍ നന്നായി ചുവന്നിരിക്കുമെന്നും കുട്ടികളെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.

Read more about:
EDITORS PICK