ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും: ചുഴലിക്കാറ്റ് ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തി

arya antony May 20, 2020

കൊല്‍ക്കത്ത: ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക.

പശ്ചിമ ബംഗാളിലും വടക്കൻ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നൽകിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊൽക്കത്തയിൽ എത്തി. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭവും രൂക്ഷമാകും. പശ്ചിമ ബംഗാളിൽ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാർപ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചത്. അടുത്ത ആറു മണിക്കൂർ നിർണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ശ്രമിക് ട്രെയിനുകൾ റദാക്കി. കൊൽക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിർത്തി.

Read more about:
EDITORS PICK