മൈലേജ് കൂടിയ ഇലക്ട്രിക് കാറുമായി എംജിയുടെ ZS എത്തുന്നു

Sruthi June 12, 2020

മൈലേജ് കൂടിയ ഇലക്ട്രിക് കാറുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‌സിന്റെ കീഴിലുള്ള മോറിസ് ഗാരേജ് എത്തുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2020 ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്യുവി എംജിയുടെ ZS ഇലക്ട്രിക്കിന്റെ റേഞ്ച് കൂടിയ പതിപ്പാണിത്.

നിലവില്‍ 340 കിലോ മീറ്ററായിരുന്നു വാഹനത്തിന്റെ റേഞ്ച്. എന്നാല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന മോഡല്‍ ആണ് പുതുതായി എത്തുന്നത്. 2022-ഓടെ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം എംജി അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ മാത്രമാണ് എംജി ZS ഇലക്ട്രിക് എത്തിച്ചിരുന്നത്. എന്നാല്‍, വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഉള്‍പ്പെടെ പുതിയ ആറ് നഗരങ്ങളിലേക്ക് കൂടി ഈ വാഹനത്തിന്റെ നെറ്റ്വര്‍ക്ക് വികസിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 3000-ത്തില്‍ അധികം ബുക്കിങ്ങ് എംജി ZS ഇലക്ട്രിക് സ്വന്തമാക്കി. ഈ വാഹനത്തിന് 19.88 ലക്ഷം മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്. ZS ഇലക്ട്രികിന് കരുത്തേകുന്നത് 44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ്. ഇത് 143 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.5 സെക്കന്റ് മതി. ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്.

എംജി ZS ഇലക്ട്രിക് വാഹനത്തില്‍ ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഒമേഗ ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ഘടകങ്ങള്‍ പതിപ്പിച്ച കോണ്‍കേവ് ഗ്രില്ല്, ചാര്‍ജിംഗ് പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നതിന് മുകളിലേക്ക് സ്ലൈഡുചെയ്യുന്ന കമ്പനി ലോഗോ, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Read more about:
EDITORS PICK