അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും ഐപിഎല്‍ നടത്താന്‍ ഉറച്ച് ബിസിസിഐ

സ്വന്തം ലേഖകന്‍ June 12, 2020

ഐപിഎല്‍ ഇത്തവണ നടത്തുമെന്നുള്ള സൂചന നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും ഐപിഎല്‍ നടത്താനാണ് ആലോചന. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നു.

എല്ലാവരും ടൂര്‍ണമെന്റ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബിസിസിഐയില്‍ അംഗമായ എല്ലാ അസോസിയേഷനുകള്‍ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഏപ്രില്‍ മധ്യത്തിലേക്കു ടൂര്‍ണമെന്റ് നീട്ടാന്‍ ബിസിസിഐ ആദ്യം തീരുമാനിച്ചെങ്കിലും രാജ്യത്തു ലോക്ക്ഡൗണ്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു

എങ്ങനെയെങ്കിലും ഐപിഎല്‍ ഈ വര്‍ഷം സംഘടിപ്പിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ബിസിസിഐ. കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ മല്‍സരം നടത്താനും ബിസിസിഐ ഒരുക്കമാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐപിഎല്‍ ഈ വര്‍ഷമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗാംഗുലി കത്തില്‍ കുറിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയുടെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ താരങ്ങളും ഐപിഎല്‍ നടത്തണമെന്നും തങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.

Tags: ,
Read more about:
EDITORS PICK