ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിക്കും

സ്വന്തം ലേഖകന്‍ June 18, 2020

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമിലിറങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ കേരള ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു.

ശ്രീശാന്തിന്റെ തിരിച്ചുവരവ് ടീമിന് നേട്ടമാണ്. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു. സമ്പൂര്‍ണ കായികക്ഷമതയോടെ സെപ്റ്റംബര്‍ മുതല്‍ കേരളത്തിനായി ഏകദിന മത്സരങ്ങള്‍ കളിച്ചു തുടങ്ങണമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച പ്രകടനം നടത്താമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.

2013ലെ ഐപിഎല്‍ വാതുവയ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

Tags:
Read more about:
EDITORS PICK