ഐപിഎല്ലാണ് ലക്ഷ്യം: ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാല്‍ ഐപിഎല്ലില്‍ എന്റെ തിരിച്ചുവരവ് തടയരുതെന്ന് ശ്രീശാന്ത്

സ്വന്തം ലേഖകന്‍ June 25, 2020

കേരള ടീമില്‍ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശ്രീശാന്ത് ഇറങ്ങുകയാണ്. കൊച്ചിയില്‍ പരിശീലനത്തിലാണ് ഇപ്പോള്‍ ശ്രീശാന്ത്. ഒരാഴ്ചയിലെ ആറു ദിവസവും 14 ഓവറുകള്‍ വച്ചാണു ഞാന്‍ പരിശീലനത്തില്‍ ബോള്‍ ചെയ്യുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ തയാറാകുകയാണ് എന്റെ ലക്ഷ്യമെന്നും ശ്രീ പറയുന്നു.

യോഗയും ധ്യാനവും ചെയ്താണ് എല്ലാ ദിവസവും തുടങ്ങുന്നത്. എന്‍ബിഎ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ കണ്ടിഷനിങ് പരിശീലകന്‍ ടിം ഗ്രോവറിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ ആഴ്ചയില്‍ രണ്ടു ദിവസം പങ്കെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകന്‍ റാംജി ശ്രീനിവാസന്റെ നിര്‍ദേശങ്ങളാണു ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പിന്തുടരുന്നത്. പരുക്കുകളെ പ്രതിരോധിക്കുന്നതിനുള്ള തയാറെടുപ്പുകളും ഇതോടൊപ്പം നടത്തുന്നു.

ക്രിക്കറ്റിലെ നിയമങ്ങള്‍ പലതും മാറിയതു താന്‍ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ ന്യൂബോള്‍ മാറ്റത്തെക്കുറിച്ച് കേരള താരങ്ങള്‍ നെറ്റ്‌സില്‍ എന്നോടു പറയുന്നതു വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. നേരത്തേ സ്വന്തമാക്കിയ നേട്ടങ്ങളില്‍ ഇനി കാര്യമില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി. വീണ്ടും തുടങ്ങുകയാണ്. ഇനി കളിക്കുമ്പോള്‍ പണ്ടത്തെ അനുഭവങ്ങള്‍ മാത്രമാണ് ഒപ്പമുള്ളത്. ഞാനെന്റെ ആദ്യ മത്സരം കളിക്കുന്നതുപോലെയാണു തോന്നുന്നത്. ടീമിലേക്കു സിലക്ഷന്‍ ലഭിക്കുന്നതിനു വേണ്ടിയാണു പരിശീലിക്കുന്നത്.

ഞാന്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ എന്റെ പ്രായമോ, മറ്റു കാര്യങ്ങളോ പരിഗണിക്കരുതെന്നാണു പറയാനുള്ളത്. എനിക്കു കളിക്കാന്‍ അര്‍ഹതയുള്ള ഏതു ടീമിലേക്കും എന്നെ പരിഗണിക്കണം. ഏറ്റവും പ്രിയപ്പെട്ടതില്‍നിന്ന് കഴിഞ്ഞ ഏഴു വര്‍ഷമായി വിട്ടുനില്‍ക്കുകയായിരുന്നു. അടുത്ത അഞ്ചു വര്‍ഷമെങ്കിലും അതിന് അനുവദിക്കൂ. കേരളത്തിനായി രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും വിജയിക്കുകയെന്നതാണു ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഐപിഎല്ലിലെ എന്റെ തിരിച്ചുവരവ് തടയരുത്. 2023 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുകയെന്നതാണ് ഇനി ഏറ്റവും വലിയ സ്വപ്നമെന്നും ശ്രീശാന്ത് പറഞ്ഞു.

Tags:
Read more about:
EDITORS PICK