സ്വകാര്യ ഭാഗത്ത് കമ്പി കുത്തി പോലീസിന്റെ പീഡനം: കൊല്ലപ്പെട്ട അച്ഛനും മകനും അനുഭവിച്ചത് മൃഗീയം

Sruthi June 26, 2020

തൂത്തുകുടിയില്‍ കൊല്ലപ്പെട്ട അച്ഛനും മകനും അനുഭവിച്ച പീഡനങ്ങള്‍ മൃഗീയമായിരുന്നുവെന്ന് കുടുംബം. വ്യാപാരികളായ ജയരാജും മകന്‍ ബെന്നിക്‌സുമാണ് പോലീസിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. അച്ഛന്റെയും സഹോദരന്റെ മരണത്തില്‍ മകള്‍ പ്രതികരിച്ചതിങ്ങനെ..

ഇതൊരു ഇരട്ടക്കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയില്‍ ഈ ക്രൂരകൃത്യം വിവരിക്കാന്‍ പോലും ഞാന്‍ അശക്തയാണ്, ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തില്‍നിന്ന് ഒരിഞ്ച് പിന്‍മാറില്ലെന്നും കരഞ്ഞുകൊണ്ട് പെര്‍സിസ് പറയുന്നു.

ബെന്നിക്‌സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനില്‍ രാത്രി മുഴുവന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നു. ചോരയില്‍ മുങ്ങിയതോടെ ഇവരുടെ ഉടുമുണ്ട് മാറ്റിയതായും ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനിരിക്കെയാണ് ഈ അതിക്രമം നടന്നത്. കഴിഞ്ഞ 19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയില്‍ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോള്‍ ബെന്നിക്‌സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.

ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകള്‍ക്കു കാരണമെന്നും എഫ്ഐആറില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. ജയരാജും ബെന്നിക്‌സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും എഫ്ഐആറില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കട നടത്തിയിരുന്ന ജയരാജിനെ ലോക്ഡൗണ്‍ ലംഘനം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ബെന്നിക്‌സിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോക്കപ്പില്‍ ഇവര്‍ക്ക് ക്രൂരമര്‍ദനമേറ്റതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ഇരുവരുടെയും രഹസ്യഭാഗത്തും മറ്റുമുള്ള പരുക്കുകള്‍ പൊലീസിന്റെ ക്രൂര പീഡനത്തിനു തെളിവാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Read more about:
RELATED POSTS
EDITORS PICK