പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ

സ്വന്തം ലേഖകന്‍ July 27, 2020

കൊവിഡ് ലോക്ഡൗണിനിടെ ഏറ്റവും കൂടുതല്‍ പേരുടെ ഇഷ്ട വിനോദമായിരുന്നു പബ്ജി. പകുതിപേരും പബ്ജി ഗെയിം ഒരു പതിവാക്കിയവരാണ്. എന്നാല്‍, പബ്ജി പ്രിയര്‍ക്ക് ചെറിയ ആശങ്ക നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടിക്ക് ടോക്കിന് പിന്നാലെ പബ്ജിയും നിങ്ങളുടെ കണ്‍മുന്നില്‍ നിന്ന് തുടച്ചുനീക്കപ്പെടാം.

295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഐടി മന്ത്രാലയത്തിന്റെ ശുപാര്‍ശ. പബ്ജി, സിലി അടക്കമുള്ള ആപ്പുകള്‍ രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടും.
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകള്‍ക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയില്‍ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും നിരോധിക്കും.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Tags:
Read more about:
EDITORS PICK