രണ്ട് ദിവസമായി നിര്‍ത്താതെ മഴ: കൊങ്കണ്‍ റെയില്‍പാത ടണല്‍ തകര്‍ന്നു, ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

സ്വന്തം ലേഖകന്‍ August 6, 2020

കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഗോവയിലെ കൊങ്കണ്‍ റെയില്‍പാതയിലെ ടണലിന്റെ ഒരു ഭാഗം തകര്‍ന്നു. ഇതോടെ ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയാണ്.

മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ മഡൂര്‍-പെര്‍ണം സ്റ്റേഷനുകള്‍ക്കിടയിലാണ് ടണലിന്റെ ഉള്‍ഭിത്തിയാണ് ഇടിഞ്ഞത്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 2.50 നായിരുന്നു സംഭവം. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കും തിരിച്ചുമുള്ള ആറ് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. മഡ്ഗാവ്-ലോണ്ട-മിറാജ്-പൂനെ-പന്‍വേല്‍ വഴിയാണ് വഴിതിരിച്ചുവിട്ടത്.

അതേസമയം മണ്ണ് നീക്കല്‍ പുരോഗമിക്കുന്നതായി കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. ടണലിനുള്ളിലെ അഞ്ച് മീറ്റര്‍ ഭാഗമാണ് ഇടിഞ്ഞുവീണിരിക്കുന്നത്. ടണല്‍ തകര്‍ന്നതോടെ പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. എറണാകുളം – നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍, തിരുവനന്തപുരം സെന്‍ട്രല്‍ ലോകമാന്യതിലക് സ്‌പെഷ്യല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ രാജധാനി സ്‌പെഷ്യല്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം വ്യാഴാഴ്ച മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്നായ പെര്‍നെം തുരങ്കം ഗോവയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമാണ്. 1990 കളുടെ തുടക്കത്തില്‍ തുരങ്കത്തിന്റെ നിര്‍മ്മാണ സമയത്ത് ആറ് തൊഴിലാളികള്‍ മരിച്ചിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK